ആധാര്‍ കാര്‍ഡിനെ ബാധിക്കില്ല

Thursday 24 August 2017 10:39 pm IST

ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി ആധാര്‍ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് നിയമവിദഗ്ധര്‍. സ്വകാര്യത പരമമായ അവകാശമല്ലെന്നും രാജ്യസുരക്ഷ, കുറ്റകൃത്യം തടയല്‍, സാമൂഹ്യക്ഷേമ പദ്ധതികളുടെ ദുര്‍വിനിയോഗം തടയല്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് യുക്തിസഹമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്ന 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ നിലപാടാണ് ആധാറിന് സംരക്ഷണമാവുക. വിധിയെ സ്വാഗതം ചെയ്യുന്നതായും സ്വകാര്യത മൗലിക അവകാശമാണെന്ന് പറയുമ്പോള്‍ തന്നെ അത് പരമമായ അവകാശമല്ലെന്ന് വിധി വ്യക്തമാക്കിയിരിക്കുന്നതായും കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സ്വകാര്യതയുടെ എല്ലാ വശങ്ങളും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് കേന്ദ്രനിയമ മന്ത്രി ഓര്‍മ്മിപ്പിച്ചു. ആധാര്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ സ്വകാര്യത മൗലികാവകാശമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആധാര്‍ കാര്‍ഡിനായി ശേഖരിക്കുന്ന വിവരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് രണ്ടുവര്‍ഷം മുമ്പ് സുപ്രീംകോടതി 9 അംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്വകാര്യത സംബന്ധിച്ച നിര്‍വചനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ഇക്കാര്യത്തിലുള്ള വിധി വന്ന പശ്ചാത്തലത്തില്‍ ആധാര്‍ കേസ് വീണ്ടും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പരിഗണിക്കും. അടുത്ത മാസം അഞ്ചിന് കേസ് കോടതി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡിനായി വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങളും മറ്റും ചോരുന്നത് വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ആധാറിനെ എതിര്‍ക്കുന്നവരുടെ പ്രധാന വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.