അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു

Friday 25 August 2017 7:13 pm IST

പത്തനംതിട്ട: അമിതവേഗതയിലെത്തിയ മഹീന്ദ്ര എക്‌സ്‌യുവി കാര്‍ മറ്റാെരു കാറിലും ലോറിയിലും സ്‌കൂട്ടറിലുമിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ടികെ റോഡില്‍ വാര്യാപുരം റേഷന്‍ കടമുക്കില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരനായ ചങ്ങനാശേരി നടക്കപ്പറമ്പ് അരുപ്പാറയില്‍ സുനി, ചെറുകോല്‍ ഇരട്ടോലി മണ്ണില്‍ അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുനിയുടെ വലതു കാല്‍ ഒടിഞ്ഞു. തലയ്ക്കും മുഖത്തും പരിക്കുണ്ട്. അനൂപിന്റെ കൈക്കാണ് പരിക്ക്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കോഴഞ്ചേരി ഭാഗത്തു നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ മുന്‍പിലുണ്ടായിരുന്ന മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. എതിരെ വന്ന ലോറിയുടെ പെട്രോള്‍ ടാങ്കിലിടിച്ച ശേഷം റോഡ് സൈഡില്‍ സ്‌കൂട്ടറില്‍ നില്‍ക്കുകയായിരുന്ന സുനിയെ ഇടിച്ചു തെറിപ്പിച്ചു. രണ്ടു കരണംമറിഞ്ഞാണ് കാര്‍ നിന്നത്. പത്തനംതിട്ട വെട്ടിപ്രം സ്വദേശികളാണ് കാര്‍ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.പത്തനംതിട്ടയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ റോഡില്‍ നിന്നു മാറ്റിയശേഷം ലോറിയില്‍ നിന്ന് ചോര്‍ന്ന ഡീസല്‍ വെളളം പമ്പ് ചെയ്തു നീക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.