അന്‍വര്‍ എംഎല്‍എയുടെ അനധികൃത വാട്ടര്‍ തീം പാര്‍ക്കിലേക്ക് ബിജെപി മാര്‍ച്ച്

Friday 25 August 2017 10:12 pm IST

മുക്കം: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ അനധികൃത വാട്ടര്‍ തീം പാര്‍ക്കിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുപ്പതോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, മലപ്പുറം ജില്ലയിലെ ചാലിയാര്‍ എന്നീ പഞ്ചായത്തുകളിലായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് അടച്ചുപൂട്ടണമെന്നും ചെക്ക് ഡാം അടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള ജനപ്രതിനിധികളാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമംപാലിക്കേണ്ട മന്ത്രിമാരും എംഎല്‍എമാരും ഇടതുഭരണത്തില്‍ നിയമലംഘകരായി മാറുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന് ജപ്തിയിലൂടെ രണ്ട് അവശ വൃദ്ധരെ, വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സഹായിച്ച പോലീസ് പി.വി. അന്‍വറിന്റെ അനധികൃത പാര്‍ക്കിന് സര്‍വ്വ സജ്ജീകരണങ്ങളുമായി കാവല്‍ നില്‍ക്കുകയാണ്. ഇതു കാണുമ്പോള്‍ ആര്‍ക്കു വേണ്ടിയുള്ള സര്‍ക്കാറാണ് ഭരിക്കുന്നതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഏറനാട് മണ്ഡലം പ്രസിഡന്റ് പി. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ്, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ടി.കെ. അശോക് കുമാര്‍, മലപ്പുറം ജില്ലാ സെക്രട്ടറി ബാബുരാജന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, വിദ്യാധരന്‍, സുനില്‍ ബോസ്, ബാബു മൂലയില്‍, കെ.സി. വേലായുധന്‍, വിശ്വനാഥന്‍, മനു കിഴിശ്ശേരി, നമിദാസ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.