ജയിലിലും ഗുർമീത് വിഐപി തന്നെ

Saturday 26 August 2017 9:54 am IST

ന്യൂദൽഹി: അനുയായികളായ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് കുറ്റക്കാരനെന്ന് സിബിഐ കോടതി വിധിച്ച ആള്‍ദൈവവും ദേരാ സച്ചാ സൗദ നേതാവുമായ ഗുര്‍മീത് റാം റഹീം സിംഗിന് ജയിലിൽ വിഐപി പരിഗണന. റോഹ്തകിലെ പ്രത്യേക ജയിലില്‍ ആഡംബര സൗകര്യത്തോടെയാണ് ഗുര്‍മീത് കഴിയുന്നത്. കുടിക്കാനായി കുപ്പി വെള്ളവും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹത്തിന്റെ തന്നെ സഹായിയേയും അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെ ഹെ​ലി​കോ​പ്ട​റിലാണ് ഗുര്‍മീതിനെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യത്. ജയിലിലെത്തിച്ച ഗുര്‍മീതിനെ ആദ്യം പോലീസ് ട്രെയിനിംഗ് കോളേജിലെ ഗസ്റ്റ് ഹൗസിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ ശീതികരിച്ച മുറിയില്‍ വിശ്രമം. രണ്ട് കിടക്കകളും അതിനോട് ചേര്‍ന്ന് തന്നെ ഭക്ഷണപ്പുരയും ഉണ്ട്. ഗസ്റ്റ് ഹൗസില്‍ ആഹാരം തയ്യാറാക്കിയിരുന്നെങ്കിലും റാം റഹീം പാല്‍ മാത്രമാണ് കുടിച്ചത്. തുടർന്ന് രാത്രി 9.40ഓടെ സുനാരിയ ജയിലിലേക്ക് മാറ്റി. അവിടെ കുപ്പി വെള്ളം കുടിക്കാനായി നല്‍കി. ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ സ്വന്തം വസ്ത്രം തന്നെയാണ് ഗുര്‍മീത് ധരിച്ചത്. തിങ്കളാഴ്ച വരെ ഇവിടെത്തന്നെ ഗുര്‍മീതിനെ പാര്‍പ്പിക്കുമെന്നാണ് സൂചന. ശിക്ഷ വിധിച്ച ശേഷം മറ്റൊരു ജയിലിലേക്ക് മാറ്റാനം സാദ്ധ്യതയുണ്ട്. ഗുര്‍മീതിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരക്കണക്കിന് അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും അഴിച്ചു വിട്ട കലാപത്തിലും പോലീസിന്റെ വെടിവയ്പിലും 31 പേര്‍ കൊല്ലപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.