ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം 51%

Monday 20 August 2012 11:10 pm IST

ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനെടുത്ത വിവാദ തീരുമാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിഞ്ഞാലുടന്‍ ഇതു സംബന്ധിച്ച വിജ്ഞാപനം ഉണ്ടാകും. വിദേശ നിക്ഷേപപരിധി 49 ശതമാനമായി കുറയ്ക്കണമെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ നല്‍കിയ ശുപാര്‍ശ കാറ്റില്‍ പറത്തിയാണ്‌ ഈ നടപടി. ചില്ലറ വില്‍പ്പനരംഗത്തെ വിദേശ നിക്ഷേപത്തിനെതിരെ രാജ്യത്ത്‌ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ്‌ ഈ തീരുമാനം. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം മുന്നില്‍ കണ്ടാണ്‌ ശീതകാല സമ്മേളനം കഴിഞ്ഞശേഷം വിദേശ നിക്ഷേപത്തിന്‌ അനുമതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ചില്ലറ വില്‍പ്പന രംഗത്ത്‌ ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ നേരിട്ടുള്ള നിക്ഷേപത്തിന്‌ അനുമതി നല്‍കാന്‍ കേന്ദ്രമന്ത്രിസഭ ഏറെ മുമ്പേയെടുത്ത തീരുമാനമാണ്‌ അടുത്ത മാസം രണ്ടാം വാരത്തോടെ വിജ്ഞാപനം ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നത്‌. ചില്ലറ വില്‍പ്പനരംഗത്ത്‌ വിദേശ നിക്ഷേപത്തിനെതിരെ വന്‍ പ്രതിഷേധം നിലവിലുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍വെച്ച്‌ തടിതപ്പാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിന്‌ പുറമെ പ്രമുഖ യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ഇതിനെതിരെ രംഗത്തുണ്ട്‌. എതിര്‍പ്പുകളെല്ലാം അവഗണിച്ച്‌ വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കുക എന്നത്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും അഭിമാനപ്രശ്നമാക്കി മാറ്റിയിരിക്കുകയാണത്രെ. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ കഴിയാത്തത്‌ ആഗോള നിക്ഷേപരംഗത്ത്‌ ഇന്ത്യക്കെതിരെ മോശം പ്രതികരണം ഉണ്ടാക്കിയതായും കേന്ദ്രം പറയുന്നു. ഈ സാഹചര്യത്തില്‍ തീരുമാനം വിജ്ഞാപനം ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണ്‌ കേന്ദ്രസര്‍ക്കാരെന്ന്‌ പേര്‌ വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. "നയം അപ്പാടെ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറായിക്കഴിഞ്ഞു. തീരുമാനത്തിന്‌ മന്ത്രിസഭയുടെ അംഗീകാരവുമുണ്ട്‌. അടുത്തമാസം രണ്ടാം വാരത്തോടെ വിജ്ഞാപനവും ചെയ്യും", അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപ തീരുമാനവുമായി മുന്നോട്ടുപോവുകയും ചില്ലറ വ്യാപാരരംഗത്ത്‌ നേരിട്ടുള്ള വിദേശനിക്ഷേപം ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളെ അതിന്‌ അനുവദിക്കുകയും ചെയ്യുകയാണ്‌ ആദ്യഘട്ടത്തില്‍ കേന്ദ്രത്തിന്റെ തന്ത്രമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നടപടിയുമായി മുന്നോട്ടുപോകാന്‍ പിന്തുണ തേടി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആനന്ദ്‌ ശര്‍മ്മ നേരത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കത്തയച്ചിരുന്നു. കോണ്‍ഗ്രസ്‌ ഭരണ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ദല്‍ഹി, ഉത്തരാഖണ്ഡ്‌, മണിപ്പൂര്‍ എന്നിവയാണ്‌ ഇതുവരെ പിന്തുണ അറിയിച്ചിരിക്കുന്നത്‌. ബിജെപി ഭരിക്കുന്ന ഹിമാചല്‍പ്രദേശും എഫ്ഡിഐക്ക്‌ അനുമതി അറിയിച്ചതായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‌ കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ്‌ ഓഫ്‌ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ്‌ പ്രൊമോഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. നേരത്തെ ഏക ബ്രാന്‍ഡിന്റെ ചില്ലറ വില്‍പ്പനയില്‍ 100 ശതമാനം എഫ്ഡിഐയും മള്‍ട്ടി-ബ്രാന്‍ഡിന്റെ കാര്യത്തില്‍ 51 ശതമാനം വരെയുള്ള വിദേശനിക്ഷേപത്തിനുമാണ്‌ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നത്‌. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന്‌ ഏക ബ്രാന്‍ഡിന്റെ ചില്ലറ വില്‍പ്പനരംഗത്ത്‌ 51 ശതമാനം എഫ്ഡിഐ എന്ന പരിധി നീക്കിക്കൊണ്ടുള്ള വിജ്ഞാപനം മാത്രമാണ്‌ പുറത്തിറക്കിയിരുന്നത്‌. 51 ശതമാനം വിദേശനിക്ഷേപത്തിന്‌ അനുമതിയായതോടെ രാജ്യത്തെ ചില്ലറ വ്യാപാരമേഖല വിദേശ കുത്തകകളുടെ നിയന്ത്രണത്തിന്‌ കീഴില്‍ അമരുമെന്ന്‌ ഉറപ്പായിരിക്കയാണ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.