സാനുമോന് എന്നും വിളവെടുപ്പ്

Saturday 26 August 2017 6:12 pm IST

സാനുമോന്‍ തന്റെ കൃഷിയിടത്തില്‍

ചേര്‍ത്തല മായിത്തറ പാപ്പറമ്പില്‍പി.എസ്.സാനുമോന്റെ തോട്ടത്തില്‍ എന്നും വിളവെടുപ്പാണ്. ജൈവ പച്ചക്കറി അല്ലെങ്കില്‍ നാടന്‍ മത്സ്യം . ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ചാണ് വിളവെടുപ്പ്. സമ്മിശ്ര കൃഷിയില്‍ ഈ യുവാവ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് പത്ത് വര്‍ഷമായി. ആലപ്പുഴ ജില്ലയിലെ മികച്ച കര്‍ഷകനുളള അക്ഷയ അവാര്‍ഡും, കൃഷി വകുപ്പിന്റെ അവാര്‍ഡും, ആത്മ അവാര്‍ഡും,പി.പി സ്വാതന്ത്ര കാര്‍ഷിക അവാര്‍ഡും ലഭിച്ചിട്ടുള്ള സാനുമോന്‍ നാടന്‍ രീതിക്കൊപ്പം ഹൈടെക് കൃഷിയും നടത്തിയാണ് വിജയഗാഥ രചിക്കുന്നത്.

കയറിലെ കുരുക്കഴിക്കാന്‍ ജൈവ കൃഷി

സാനുമോന്‍ കയര്‍ത്തൊഴിലാളിയായിരുന്നു.വീട്ടില്‍ ചെറിയ ഫാക്ടറി.പപ്പടം നെയ്ത്ത്.പാരമ്പര്യ തൊഴിലാണിത്. അച്ഛന്‍ സുകുമാരനും അമ്മ ജാനമ്മയും ചേട്ടന്‍ ബിനുവും മറ്റും ചേര്‍ന്നായിരുന്നു വ്യവസായം നടത്തിയിരുന്നത്. ഭീമമായ സാമ്പത്തിക ബാധ്യതയാണ് കയര്‍ ഈ കുടുംബത്തിന് സമ്മാനിച്ചത്.ഇതിനിടയില്‍ കുറച്ച് നാള്‍ സാനുമോന്‍ പലചരക്ക് കച്ചവടക്കാരന്റെ വേഷവും ഇട്ടു. അതും തുണയായില്ല.ഒടുവില്‍ രണ്ടും കല്പിച്ച് കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.

ഇടവിള കൃഷിയില്‍ നിന്ന് സമ്മിശ്രകൃഷിയിലേക്ക്

മകരക്കൊയ്ത്തിന് ശേഷം അയല്‍വാസിയുടെ പാടത്ത് ചെറിയ രീതിയില്‍ പച്ചക്കറി കൃഷി തുടങ്ങി. കൃഷി ആദായകരമായപ്പോള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു.പാടത്തിനെടുത്ത രണ്ട് ഏക്കര്‍ സ്വന്തമാക്കി. ഇപ്പോള്‍ ഒരു ഏക്കര്‍ പാടത്ത് നെല്‍കൃഷി.പാട്ടത്തിനെടുത്ത നാലര ഏക്കറില്‍ ജൈവപച്ചക്കറി കൃഷി, നാല് കുളങ്ങളില്‍ മത്സ്യകൃഷി, കോഴി താറാവ് പശു വളര്‍ത്തല്‍ എന്നിങ്ങനെ നീളുന്നു കാര്‍ഷിക വൃത്തി. കോഴിവളം,ചാണകം,ചാരം ,എല്ലുപൊടി ,മത്തി ശര്‍ക്കര മിശ്രിതം എന്നീ ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി. കീടങ്ങളെ തുരത്താന്‍ സ്യൂഡോമോണസ്,വേപ്പെണ്ണ ലായിനി, കെണികള്‍ എന്നീ ജൈവ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. നാടന്‍ കൃഷിരീതിക്കൊപ്പം കൃത്യത കൃഷിയും ഉണ്ട്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ മുട്ടഗ്രാമം പദ്ധതി പ്രകാരമാണ് കോഴികളെയും താറാവുകളെയുംവളര്‍ത്തുന്നത്.രണ്ട് വീതം പശുക്കളും എരുമകളും ഉണ്ട്.

ഒരു നെല്ലും ഒരു പച്ചക്കറിയും

പരമ്പരാഗത നെല്‍ വിത്ത് ഇനമായ വിരിപ്പാണ് വയലില്‍ വിതയ്ക്കുന്നത്. നെല്‍കൃഷി മുടക്കാറേയില്ല. ഒരു നെല്ലും ഒരു പച്ചക്കറിയും എന്ന ആശയത്തില്‍ നെല്‍കൃഷി മാതൃകയാണ്. വയലില്‍ വരമ്പുണ്ടാക്കി വെണ്ടയും ചീരയും വഴുതനയും നട്ട് നേട്ടമുണ്ടാക്കുന്ന രീതിയാണിത്.

12 ഇനം പച്ചക്കറികള്‍

വര്‍ഷം മുഴുവനും പച്ചക്കറി എന്ന രീതിയിലാണ് കൃഷി. ഓണ വിപണി ലക്ഷ്യമാക്കി 12 ഇനം പച്ചക്കറികള്‍ സാനുമോന്റെ തോട്ടത്തില്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നുണ്ട്. രണ്ടായിരം ചുവട് വെണ്ട. ആയിരം ചുവട് പച്ചമുളക് ,ആയിരം ചുവട് പയര്‍,മുന്നൂറ് ചുവട് വഴുതന ,ഇരുന്നൂറ് ചുവട് വീതം പടവലവും പാവലുംപീച്ചിലും വെളളരിയും കുമ്പളവും തക്കാളിയും ചീരയും മത്തനും ഉണ്ട്.

ഗൗരാമിയുടെ തോഴന്‍

മത്സ്യ കൃഷിയില്‍ ഗൗരാമിയാണ് കൂടുതലായി വളര്‍ത്തുന്നത്.ഗൗരാമി കുഞ്ഞുങ്ങളെ വില്പന ഏറെ ആദായകരമാണെന്ന് സാനുമോന്‍ പറയുന്നു. കാരി,ചെമ്പല്ലി,തിലോപ്പി,കട്ല,രോഹു എന്നീ മത്സ്യങ്ങളും ഉണ്ട്.ഗാര്‍ഹിക മാലിന്യങ്ങളാണ് മത്സ്യങ്ങള്‍ക്ക് തീറ്റയാകുന്നത്.
വിപണി തിരുവിഴയില്‍ പാതയോരത്ത് ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കൃഷി വകുപ്പിന്റെ എ ഗ്രേഡ് ക്ലസ്റ്റര്‍ വഴിയാണ് വില്‍ക്കുന്നത്. ദേശീയപാതയില്‍ ചേര്‍ത്തല കഴിഞ്ഞ് 6 കിലോമീറ്റര്‍ തെക്ക് തിരുവിഴയില്‍ ലോറിയുടെ ബോഡിയാണ് വിപണന കേന്ദ്രം. കാട്ടുകട എ ഗ്രേഡ് ക്ലസ്റ്ററിന്റെ വിപണിയാണിത്. ഈ സംഘത്തിന്റെ പ്രസിഡന്റാണ് സാനുമോന്‍.

പച്ചക്കറി വിപണന കേന്ദ്രത്തിന്റെ നടത്തിപ്പ് സാനുമോന്റെ നേതൃത്വത്തിലാണ്. സാനുമോനെ കൂടാതെ അന്‍പത് കര്‍ഷകരുടെ പച്ചക്കറികളാണ് ഇവിടെ വിറ്റഴിക്കുന്നത്.

തോട്ടം ഒരുക്കാനും തയ്യാര്‍

കഞ്ഞിക്കുഴി കാര്‍ഷിക കര്‍മ്മസേനയുടെ പ്രസിഡന്റായ സാനുമോന്‍ ആവശ്യക്കാര്‍ക്ക് പച്ചക്കറി തോട്ടവും ഒരുക്കി നല്‍കുന്നുണ്ട്.വീട്ടുവളപ്പില്‍ ആകര്‍ഷകമായ രീതിയില്‍ അടുക്കളത്താട്ടം സാനുമോനും സംഘവും ഒരുക്കി നല്‍കുന്നുണ്ട്. ജില്ലയിലെ പ്രമുഖ വ്യവസായികള്‍ മുതല്‍ സ്‌കൂളുകള്‍ വരെ സാനുമോന്റെ സഹായം തേടുന്നു.പച്ചക്കറി തൈകളും തയ്യാറാക്കി നല്‍കുന്നുണ്ട്.ഭാര്യ അനിത. മക്കള്‍: അഭിഷേക് അമേയ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.