അഖിലയുടെ മതംമാറ്റം കോടതിക്കെതിരെ സിപിഎം

Saturday 26 August 2017 8:42 pm IST

ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റി ഐഎസ്സില്‍ ചേര്‍ക്കാനുള്ള മുസ്ലിം തീവ്രവാദ സംഘടനയുടെ നീക്കം തടഞ്ഞ കോടതി വിധിക്കെതിരെ സിപിഎം. ഹിന്ദു സംഘടനകളുടെ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ക്ക് ശക്തി പകരുന്ന വിധിയാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫീന്‍ ജഹാനെ മോശമാക്കി ചിത്രീകരിച്ചുവെന്നും സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസി പറയുന്നു. ലൗ ജിഹാദ് പ്രചാരണത്തിലൂടെ കൂട്ടഭ്രാന്ത് സൃഷ്ടിക്കാനും മിശ്രവിവാഹങ്ങള്‍ തടയാനും 'ഹിന്ദു മതമൗലികവാദികള്‍' ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അഖിലയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വിലയിരുത്തേണ്ടതെന്ന് ലേഖനം പറയുന്നു. ഹിന്ദു വിശ്വാസമനുസരിച്ചാണ് അഖില വളര്‍ന്നതെന്ന വിധിയിലെ പരാമര്‍ശം അപലപനീയമാണ്. അഖിലയുടെ തീരുമാനം അംഗീകരിക്കാന്‍ മാതാപിതാക്കളും, മാതാപിതാക്കളെ ധിക്കരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് ദുഖിക്കുന്ന കോടതിയും തയ്യാറായില്ല. പെണ്‍കുട്ടി ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന പരാമര്‍ശം കോടതിയുടെ പുരുഷാധിപത്യ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള യാഥാസ്ഥിതികവും പുരുഷകേന്ദ്രീകൃതവുമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ഹിന്ദു മതമൗലികവാദികളും സംഘടനകളും നടത്തിയ അമിതമായ പ്രചാരണത്തിന് വിധേയമായാണ് വിധി. സ്വന്തം വിധി തീരുമാനിക്കാനുള്ള സ്ത്രീകളുടെ മുന്നേറ്റത്തിന് ഇത് തടസ്സമാണ്. ലേഖനം ആരോപിക്കുന്നു. ഐഎസ് റിക്രൂട്ട്‌മെന്റിനും മതംമാറ്റഭീകരതക്കും നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങള്‍ ലേഖനമാക്കി പ്രസിദ്ധീകരിക്കുകയാണ് സിപിഎം ചെയ്തത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് വിവാഹം റദ്ദാക്കിയതെന്നത് മറച്ചുവെച്ച് മതതീവ്രവാദ സംഘടനകളുടെ നുണ ഏറ്റുപാടുകയാണ് ലേഖനം. വിദേശ ഭീകരസംഘടനകളില്‍ ചേരാന്‍ പദ്ധതിയുള്ളതായി അഖില പിതാവ് അശോകനോട് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഷെഫീന്‍ ജഹാന് മസ്‌ക്കറ്റിലാണ് ജോലിയെന്നതിനാലാണ് വിദേശത്തേക്ക് പോകാന്‍ അഖില തയ്യാറായതെന്ന് ഇതിനെ ലേഖനം ന്യായീകരിക്കുന്നു. അഖിലയെ മതംമാറ്റിയ മഞ്ചേരിയിലെ സത്യസരണിക്കെതിരെ നിരവധി തവണ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതും, ജഡ്ജിയെ പേരെടുത്ത് പറഞ്ഞ് വധഭീഷണി മുഴക്കി മുസ്ലിം തീവ്രവാദികള്‍ നടത്തിയ പ്രസംഗവും ലേഖനം മറച്ചുവെക്കുന്നു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തോട് വെളിപ്പെടുത്തിയിരുന്നു. എന്‍ഐഎ അന്വേഷണത്തെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നില്ല. വിഷയത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസെടുത്ത് അഖിലയുടെ സുഹൃത്തിന്റെ അഛനെ കേരള പോലീസ് അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ തലത്തിലെ നടപടികള്‍ക്ക് വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി ദേശീയതലത്തില്‍ സ്വീകരിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.