വീട്ടമ്മയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

Saturday 26 August 2017 8:43 pm IST

മഞ്ചേരി: പട്ടാപകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് വട്ടിപ്പറമ്പത്ത് പിന്‍സ് റഹ്മാന്‍ എന്ന പ്രിന്‍സ്(27) ആണ് അറസ്റ്റിലായത്. 24ന് രാവിലെ എട്ട് മണിക്കാണ് സംഭവം. അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന യുവതിയെ പിന്നിലൂടെ വന്ന പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു. ശബ്ദം ഉണ്ടാക്കിയാല്‍ കൊന്നു കളയും എന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ മൂക്കിലൂടെ രക്തം വരുന്നത് കണ്ട് ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് നേരത്തെ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. അതില്‍ ഉള്‍പ്പെട്ട ആളെക്കുറിച്ച് ലഭിച്ച സൂചനയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ കുറച്ചു ദിവസമായി യുവതി താമസിച്ചു വന്ന വീടും പരിസരവും നിരീക്ഷിച്ചുവരികയായിരുന്നു. ചോദ്യം ചെയ്തതില്‍ പ്രദേശത്ത് സ്ത്രീകള്‍ ഒറ്റക്ക് താമസിക്കുന്ന വേറെ വീടുകളും കണ്ടു വെച്ചതായി ഇയാള്‍ മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മഞ്ചേരി സിഐ എന്‍. ബി. ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ്, സലിം എന്നിവരാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.