കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി വിട്ടുകൊടുത്ത സ്ഥലത്ത് മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ പണിയാന്‍ നീക്കം

Saturday 26 August 2017 8:55 pm IST

കൊച്ചി: കൊച്ചി മേഖല കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി വിട്ടുകൊടുത്ത സ്ഥലത്ത് മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ പണിയാന്‍ നീക്കം. കാന്‍സര്‍ സെന്ററിന്റെ കീമോ തെറാപ്പി വാര്‍ഡിന്റെ മുകളിലാണ് ഹോസ്റ്റല്‍ പണിയാന്‍ നീക്കം ആരംഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളം നല്‍കണമെന്ന് കാട്ടി മെഡിക്കല്‍ കോളേജ് അധികൃതര്‍ കാന്‍സെന്റര്‍ സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളേജ് അധികൃതരുടെ നീക്കത്തിനെതിരെ കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പ്രവര്‍ത്തകരും ചില ഡോക്ടര്‍മാരും ആരോഗ്യവകുപ്പിന് പരാതി നല്‍കി. കാന്‍സര്‍ സെന്ററിനായി മെഡിക്കല്‍ കോളേജിന്റെ ഓപ്പറേഷന്‍ തീയേറ്ററുകള്‍ വിട്ടു നല്‍കാന്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍, തീയേറ്ററുകള്‍ വിട്ടു നല്‍കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇതുവരെ തയ്യാറായില്ല. ഇതിനിടെയാണ് കാന്‍സര്‍ സെന്ററിന്റെ കെട്ടിടം കൈയ്യേറി പിജി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ പണിയുന്നത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ വിവാദ തീരുമാനം പിന്‍വലിക്കണമെന്നാണ് ആവശ്യമുയരുന്നത്. കാന്‍സര്‍ സെന്ററിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി 395 കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്. കിഫ്ബിയില്‍ നിന്ന് സഹായം കിട്ടിയാല്‍ നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങാനാണ് പരിപാടി. എന്നാല്‍, നിര്‍മ്മാണം എന്ന് തീരുമെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരിച്ച് കാന്‍സര്‍സെന്ററിനായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. ഇത് അട്ടിമറിച്ചതിന് പിന്നാലെയാണ് കാന്‍സര്‍ സെന്ററിന് നേരത്തെ വിട്ടുനല്‍കിയ സ്ഥലം കൈയ്യേറിയത്. കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതിന് സര്‍ക്കാറിന്റെ തന്നെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നു. ചില വന്‍കിട സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഇത്. ഇത്തരം പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് കാന്‍സര്‍ സെന്റര്‍ താത്കാലികമായി കളമശ്ശേരിയിലെ ഗവ. മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.