തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 91-ാമത് ജന്മദിന പൂജിത സമര്‍പ്പണ ആഘോഷം ‘നവപൂജിതം’ ഇന്ന് ആശ്രമത്തില്‍ നടക്കും. രാവിലെ ആറിന് ആരാധനയ്ക്കു ശേഷം ധ്വജാരോഹണവും തുടര്‍ന്ന് പര്‍ണ്ണശാലയില്‍ സന്യാസി സന്യാസിനിമാരുടെയും ഭക്തരുടെയും പുഷ്പസമര്‍പ്പണവും നടക്കും.
റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ 11ന് നടക്കുന്ന നവപൂജിതം സമ്മേളനം ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി വസന്തസേനാ നായകെ ഉദ്ഘാടനം ചെയ്യും. ദേശീയ പട്ടികജാതി കമ്മീഷന് ചെയര്മാന് നന്ദകുമാര്‍ സായി മുഖ്യാതിഥിയാകും. ആശ്രമത്തില്‍ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗ്ലോബല്‍ സ്പിരിച്ച്വല്‍ കോണ്‍ക്ലേവിന്റെ സമാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഡോ. എ. സമ്പത്ത് എം.പി അധ്യക്ഷത വഹിക്കും.
രാജ്യാന്തര പ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും. സപ്തംബര്‍ 30ന് സന്യാസദീക്ഷാ വാര്‍ഷികത്തോടെ നവതി ആഘോഷങ്ങള്‍ക്ക് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: