പാരീസ്: രണ്ടുഗോളിന് വഴിയൊരുക്കി ബ്രസീലിന്റെ നെയ്മര്‍ പരീസ് സെന്റ് ജര്മയിന്സിന് (പിഎസ്ജി)വിജയമൊരുക്കി. ജര്‍മന്‍ ലീഗില്‍ പിഎസ്ജി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെന്റ് ഏറ്റീനിയെ പരാജയപ്പെടുത്തി.ലീഗില്‍ അവരുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്.
ഉറുഗ്വെ താരമായ എഡിസണ് കവാനി രണ്ടുഗോളും തിയാഗോ മോട്ടോ ഒരുഗോളും നേടി. നെയ്മറുടെ പാസുമായി മുന്നേറിയ കാവനിയെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് കവാനി ഗോളാക്കി മാറ്റി. മോട്ടോയുടെ ഗോളിനും വഴിമരുന്നിട്ടത് നെയ്മര്‍ തന്നെ. നെയ്മറുടെ ഫ്രീക്കിക്കാണ് മോട്ടോ ഗോളിലേക്ക് വഴിതിരിച്ചുവിട്ടത്.
അവസാന നിമിഷങ്ങളിലാണ് മൂന്നാം ഗോള്‍ പിറന്നത്. തോമസ് മ്യൂണിയറിന്റെ പാസ് കവാനി ഗോളാക്കി മാറ്റി. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒരുഗോള്‍ മാത്രം വഴങ്ങിയ എറ്റീനി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. മികച്ച മുന്നേറ്റങ്ങള്‍ നടത്താനും അവര്‍ക്ക് കഴിഞ്ഞില്ല.കളിച്ച നാലു മത്സരങ്ങളിലും ജയിച്ച പിഎസ്ജിക്ക് 12 പോയിന്റായി. ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മോണാക്കോയും തോല്‍വിയറിയാതെ മുന്നേറുകയാണ്. മോണാക്കോ ഇന്ന് മാഴ്സെലിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: