ന്യൂയോര്‍ക്ക്: പ്രമുഖ താരങ്ങള്‍ പിന്മാറിയ യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡറര്‍ക്ക് കിരീട സാധ്യത. പരിക്കിനെ തുടര്‍ന്നാണ് പ്രമുഖര്‍ പിന്മാറിയത്. ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണ്‍ നാളെ ആരംഭിക്കും. ലോക റാങ്കിങ്ങിലെ ആദ്യ പതിനൊന്ന് പേരില്‍ നിലവിലുളള ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്കയുള്പ്പെടെ നാലുപേര്‍ ഇത്തവണ യുഎസ് ഓപ്പണില്‍ മത്സരിക്കുന്നില്ല.
രണ്ടു തവണ ചാമ്പ്യനായ നോവാക് ദ്യോകോവിച്ച്, 2014 ലെ രണ്ടാം സ്ഥാനക്കാരന് കീ നിഷികോറി, മിലോസ് റോണിക് എന്നിവര്‍ പരിക്ക്മൂലം പിന്മാറി. ഓസ്ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും കിരീടമണിഞ്ഞ ഫെഡറര്‍ ഈ സീസണിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് മത്സരിക്കാനിറങ്ങുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തിരിച്ചെത്തിയ റാഫേല്‍ നദാലിനെ കിഴടക്കിയാലേ ഫെഡറര്‍ക്ക് യുഎസ് ഓപ്പണില്‍ കിരീടമണിയാനാകൂ. സെമിഫൈനലില്‍ ഫെഡറര്‍ക്ക് നദാലിനെ നേരിടേണ്ടിവരും. ഫെഡറര്‍ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫിയെ നേരിടും. നാലാം റൗണ്ടില്‍ ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസും ക്വാര്‍ട്ടറില്‍ ഓസ്ട്രിയയുടെ ഏഴാം സീഡായ ഡൊമിനിക് തീമും ഫെഡററിന്റെ എതിരാളികളായേക്കും.
യുഎസ് ഓപ്പണില്‍ മൂന്നാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ ആദ്യ മത്സരത്തില്‍ സെര്‍ബിയയുടെ ദുസന്‍ ലാജോവിക്കിനെ നേരിടും. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവായിരിക്കും എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: