ഓണാഘോഷം സപ്തംബര്‍ ഒന്നിന് തുടങ്ങും

Saturday 26 August 2017 10:18 pm IST

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുകതമായി സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ ഓണംവാരാഘോഷം സപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കും. ടി.എ റസാഖിന്റെ പേരില്‍ കോഴിക്കോട് ബീച്ചിലാണ് മുഖ്യവേദി ഒരുങ്ങുക. ഭട്ട് റോഡ് ബീച്ച്, മാനാഞ്ചിറ, ബി.ഇ.എം സ്‌കൂള്‍, ടൗണ്‍ ഹാള്‍, ആര്‍ട്ട് ഗാലറി, കുറ്റിച്ചിറ, ഗുജറാത്തി സ്ട്രീറ്റ്, തളി എന്നിവയാണ് നഗരത്തില്‍ ഒരുങ്ങുന്ന മറ്റ് വേദികള്‍. ഇവയ്ക്ക് പുറമേ പെരുവണ്ണാമൂഴി, കാപ്പാട്, വടകര, കടലുണ്ടി, തുഷാരഗിരി, വയലട, പയംകുറ്റിമല, എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ക്ക് വേദിയൊരുങ്ങും. ഒന്നിന് വൈകിട്ട് ആറിന് പ്രധാന വേദിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, മീനാക്ഷി ഗുരുക്കള്‍, മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച നടി സുരഭി ലക്ഷ്മി എന്നിവരെ ആദരിക്കും. വിജയ് യേശുദാസിന്റെ സംഗീത സന്ധ്യ, സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍ ടീമിന്റെ ഹാസ്യ പരിപാടി എന്നിവ അരങ്ങേറും. രണ്ടിന് ഷംന കാസിം, അഫ്‌സല്‍ ടീമിന്റെ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഷോ, മൂന്നിന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഷോയും, നാലിന് ഹരിശ്രീ അശോകനും സംഘവും കോമഡി ഷോ അവതരിപ്പിക്കും. സമാപന ദിവസമായ അഞ്ചിന് പ്രധാന വേദിയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഘവും ഒരുക്കുന്ന ജനറേഷന്‍ മ്യൂസിക് ആണ് മുഖ്യപരിപാടി. ഭട്ട്‌റോഡ് ബിച്ചിലെ വേദിയില്‍ ആദ്യദിനം പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ അരങ്ങേറും. രണ്ടിന് ഫ്‌ളൈവിംഗ്‌സിന്റെ മ്യൂസിക് ഷോയും മൂന്നിന് ഗുലാബ്, റാണി, നാസര്‍, ദേവി മേനോന്‍ എന്നിവര്‍ ഒരുക്കുന്ന ഗസല്‍സന്ധ്യയും നടക്കും. നാലിന് സയനോര, സുനില്‍ ടീമിന്റെയും, അഞ്ചിന് താമരശ്ശേരി ചുരം ബാന്റിന്റെയും മ്യൂസിക് ഷോ അരങ്ങിലെത്തും. ടൗണ്‍ഹാളില്‍ നാടകങ്ങള്‍ അരങ്ങേറും. കുറ്റിച്ചിറയിലെ വേദിയില്‍ രണ്ടിന് മ്യൂസിക് ഷോയും (മാപ്പിള പാട്ട്), മൂന്നിന് റാഫി മുകേഷ് നൈറ്റും, നാലിന് സൂഫി ഖവാലിയുമാണ് ഒരുങ്ങുക. ഗുജറാത്തി സ്ട്രീറ്റ് വേദിയില്‍ നാലിന് ദ്രുത ബാന്റിന്റെയും, സെപ്തംബര്‍ അഞ്ചിന് മ്യൂസിക് ആര്‍ട്ടിസ്റ്റ്‌സ് ഷോയും അരങ്ങിലെത്തും. തളിയിലെ വേദിയില്‍ അഞ്ചിന് അജയ് ഗോപാലിന്റെ നേതൃത്വത്തില്‍ ഗീരീഷ് പുത്തന്‍ഞ്ചേരി നൈറ്റ് ഒരുങ്ങും. മാനാഞ്ചിറ മൈതാനി കായിക പ്രദര്‍ശനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഫോക്ക് ആര്‍ട്‌സ് ഫെസ്റ്റിനും വേദിയാവും. ഒന്നിന് രാവിലെ പത്ത് മണിക്ക് തലപ്പന്ത് കളിയോടെയാണ് തുടക്കം. രണ്ടിന് നാടന്‍ അമ്പെയ്ത്ത് മത്സരം നടക്കും. യോഗ, കളരിപ്പയറ്റ് അരങ്ങേറും. മൂന്നാം തീയതി മൂന്ന് മണിക്ക് സെലിബ്രിറ്റി ടീമുകളുടെ കമ്പവലി മത്സരം, കരാട്ടെ പ്രദര്‍ശനം നടക്കും. നാലിന് ആറ് മണിക്ക് വുഷു, ഷാവോലിന്‍യിന്‍ യാങ് കുങ്ഫൂ കൂണ്‍ എന്നിവയുടെ പ്രദര്‍ശനമുണ്ടാവും. റസിഡന്റ്‌സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് മുതല്‍ നാല് വരെ റസിഡന്റസ് കലോത്സവം നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന റസിഡന്‍സ് അസോസിയേഷനുകള്‍ 28 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് വാര്‍ഡ് കൗണ്‍സിലര്‍ക്ക് അപേക്ഷ നല്‍കണം. ചാവറ ഹാളില്‍ ശാസ്ത്രീയ സംഗീത നൃത്ത പരിപാടികള്‍ക്ക് വേദിയൊരുങ്ങും. വാഹനങ്ങള്‍ക്ക് വിവിധ ഇടങ്ങളില്‍ പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസ് സമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.