നിയന്ത്രണം പാളി; ഭരണിക്കാവില്‍ ഗതാഗതകുരുക്ക്

Sunday 27 August 2017 10:58 am IST

ശാസ്താംകോട്ട: വ്യവസ്ഥ ലംഘിച്ചുള്ള വാഹനങ്ങളുടെ കടന്നുകയറ്റവും ഓണത്തിരക്കും വര്‍ധിച്ചതോടെ ഭരണിക്കാവ് ജങ്ഷനില്‍ നിന്നുതിരിയാനാകാതെ ജനം വീര്‍പ്പുമുട്ടുന്നു. കുന്നത്തൂര്‍ താലൂക്കിന്റെ ആസ്ഥാനകേന്ദ്രം എന്ന നിലയില്‍ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തിച്ചേരുന്നത് ഭരണിക്കാവിലാണ്. സാധനങ്ങള്‍ വാങ്ങാനും പലവഴിക്ക് പോകാനും ഇവിടെ എത്തണം. കൊല്ലം-തേനി ദേശീയ പാതയും ഒരു സംസ്ഥാന പാതയും ഇതുവഴി കടന്നുപോകുന്നുമുണ്ട്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും അടക്കം ഇരുനൂറിലധികം സര്‍വീസുകളാണ് ഭരണിക്കാവില്‍ എത്തുന്നതും കടന്നുപോകുന്നതും. ഓണത്തിരക്കായതോടെ കഴിഞ്ഞ ദിവസം മുതല്‍ വലിയ ഗതാഗതക്കുരുക്കാണ് ഭരണിക്കാവില്‍ അനുഭവപ്പെടുന്നത്. നട്ടുച്ചയ്ക്ക് പോലും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത തടസം. ഇവിടെ ഡ്യൂട്ടിക്കുള്ള ഒന്നോ രണ്ടോ ഹോംഗാര്‍ഡുകള്‍ നിസ്സഹായരായി നട്ടംതിരിയുന്നത് നിത്യകാഴ്ചയാണ്. ഗതാഗതം നിയന്ത്രിക്കുന്നതില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും പരാജയവുമാണ് ഗതാഗത കുരുക്കിന് കാരണം. ടൗണിന് വടക്ക് മുസലിയാര്‍ ഫാമില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞുകിടക്കുന്ന ബസ് സ്റ്റാന്‍ഡ് കാര്യക്ഷമമായാല്‍ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാനാവും. ടൗണില്‍ പല സ്ഥലത്ത് ബസ്സുകള്‍ നിര്‍ത്തുന്നതാണ് പലപ്പോഴും ഗതാഗത കുരുക്കിന് കാരണം. കെഎസ്ആര്‍ടിസിയെ പഴിചാരി സ്വകാര്യ ബസുകളും സ്റ്റാന്‍ഡില്‍ കയറാതായി. പരീക്ഷണാടിസ്ഥാനത്തില്‍ ടൗണിലെ ട്രാഫിക് ഐലന്‍ഡില്‍ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ പലതവണ തീവ്രയത്‌നം നടത്തി. പുതിയ സംവിധാനം അറിയാതെവന്ന രണ്ട് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചതല്ലാതെ ഭരണിക്കാവിലെ ഗതാഗതക്കുരുക്കിന് അണുവിട കുറവുണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.