കട്ടപ്പന: നിര്‍മാണം പൂര്‍ത്തീകരിച്ചു മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും റോഡ് തകര്‍ന്നു. ഇരട്ടയാര്‍ നോര്‍ത്തില്‍ നിന്നും ഈട്ടിത്തോപ്പ് കവലവരെയുള്ള ഭാഗമാണ് തകര്‍ന്നത്. പ്രദേശവാസികളുടെ ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൊട്ടിപ്പൊളിഞ്ഞു ഗതാഗതം ദുഷ്കരമായ നോര്‍ത്ത് ഈട്ടിത്തോപ്പ് കവല ടാര്‍ ചെയ്തത്.
അശാസ്ത്രീയമായ നിര്‍മാണം മൂലം റോഡ് പൊട്ടിപ്പൊളിഞ്ഞു ഗതാഗതം ദുഷ്കരമായി മാറി. നിര്‍മാണം പൂര്‍ത്തീകരിച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ടാറിങ് ഇളകിയതായി പ്രദേശവാസികള്‍ പറയുന്നു. ഇപ്പോള്‍ മഴ ശക്തമായതോടെ റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കട്ടപ്പനയില്‍ നിന്നും അടിമാലിക്കും മുരിക്കാശേരിക്കും ഏറ്റവും എളുപ്പമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുന്ന പാതയാണിത്. വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ ദിനംപ്രതി ഇതുവഴി കടന്നുപോകുന്നുമുണ്ട്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ മുപ്പതിലധികം ബസ്സുകളും ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. അടിയന്തിരമായി റോഡിലെ കുഴികള്‍ അടച്ചു ഗതാഗതം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: