ഹരിയാന സുരക്ഷാ വലയത്തില്‍

Sunday 27 August 2017 9:45 pm IST

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് രാം റഹീം സിങ്ങിന്റെ ശിക്ഷാ വിധി ഇന്ന് വരാനിരിക്കെ കലാപ സാധ്യത മുന്നില്‍ക്കണ്ട് ഹരിയാന സംസ്ഥാനം കനത്ത സുരക്ഷാ വലയത്തില്‍. കൂടുതല്‍ സൈനികരെയും അര്‍ദ്ധ സൈനികരെയും നിയമിച്ചിട്ടുണ്ട്. റോത്തക്കില്‍ 28 കമ്പനി അര്‍ദ്ധസൈനികരെ നിയോഗിച്ചു. അനുയായികളെ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. അക്രമം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ബി.എസ്. സന്ധു പറഞ്ഞു. ഏത് സാഹചര്യം നേരിടാനും തയ്യാറാണ്. കലാപത്തില്‍ ഇതുവരെ ആയിരത്തോളം പേരെ അറസ്റ്റു ചെയ്തു. രാജ്യദ്രോഹം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം പഞ്ചകുല സിബിഐ പ്രത്യേക കോടതിയുടെ വിധികേള്‍ക്കാന്‍ രണ്ട് ലക്ഷത്തോളം അനുയായികള്‍ പ്രദേശത്തെത്തുകയും വന്‍ കലാപത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. 36 പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ദേര സച്ച സൗദയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്‍സയില്‍ സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. ഇവിടമൊഴികെ മറ്റെല്ലായിടത്തും കര്‍ഫ്യൂ പിന്‍വലിച്ചു. ആയിരം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളിലുള്ള മുപ്പതിനായിരം അനുയായികള്‍ തമ്പടിച്ചിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഒഴിഞ്ഞുപോകണമെന്ന സൈന്യത്തിന്റെ ആവശ്യം ഇവര്‍ തള്ളി. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ അകത്ത് പ്രവേശിച്ചിട്ടില്ലെന്നും അനുയായികളുമായി ബന്ധപ്പെട്ട് വരികയാണെന്നും സൈന്യം വ്യക്തമാക്കി. സംഘടനയുടെ 130 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. എ.കെ. 47 തോക്കുള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു. വിധി പ്രഖ്യാപനത്തിന് ശേഷം ഗുര്‍മീത് സിങ്ങിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഏഴ് പോലീസുകാരെ അറസ്റ്റ് ചെയ്തു. കോടതിയില്‍നിന്നിറങ്ങിയ ഗുര്‍മീതിനെ വാഹനത്തി ല്‍ കയറ്റാതെ തടിച്ചുകൂടിയ അനുയായികള്‍ക്കടുത്തേക്ക് ഇവര്‍ കൊണ്ടുപോവുകയായിരുന്നു. പിന്നീട് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്താണ് ഇയാളെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റിയത്. റോത്തക് ജയിലിലേക്ക് ഗുര്‍മീതിനെ കൊണ്ടുപോയ ഹെലികോപ്ടറില്‍ വളര്‍ത്തുമകള്‍ ഹണി പ്രീത് കയറിയതും അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.