റഗ്ബിയില്‍ പെണ്‍കരുത്ത്; ജീവിതം അന്യന്റെ മണ്‍കുടിലില്‍

Sunday 27 August 2017 11:35 pm IST

തിരുവനന്തപുരം: നിലംപതിക്കാന്‍ ഊഴം കാത്തുനില്‍ക്കുന്ന മണ്‍ചുവരുകള്‍ക്ക് മുകളില്‍ ഇളകിയാടുന്ന തകര ഷീറ്റുകള്‍. മഴ പെയ്താല്‍ ഷീറ്റുകള്‍ക്കിടയിലെ വിടവുകളിലൂടെ വെള്ളം കുടിലിനെ ചെളിക്കുളമാക്കും. ഇത് റഗ്ബി മത്സരക്കളത്തിലെ പെണ്‍കരുത്ത് അന്തിയുറങ്ങുന്ന അന്യന്റെ മണ്‍കുടില്‍. മുട്ടയ്ക്കാട് കീഴൂര്‍ കോളിയൂര്‍ പ്ലാങ്കാലവിളയില്‍ ഹര്‍ഷ (17) യുടെ കായിക കുതിപ്പുകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നത് ഈ ചുറ്റുപാടുകളാണ്. കൂലിപ്പണിക്കാരനായ സന്തോഷ് - സെല്‍ബിറ്റ ദമ്പതികളുടെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് ഹര്‍ഷ. റഗ്ബി എന്ന ബ്രിട്ടീഷ് കാല്‍പ്പന്തുകളിയെ ജീവനേക്കാളേറെ സ്‌നേഹിക്കുന്നവള്‍. രണ്ടു തവണ ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടി. കായിക ലോകത്തിന്റെ പുത്തന്‍ പ്രതീക്ഷ. പക്ഷേ ഇന്നും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം നല്‍കാന്‍ കൂട്ടാക്കാത്ത കായികയിനത്തിലെ താരമായതിനാലാവാം ഹര്‍ഷയുടെ കഷ്ടപ്പാടുകള്‍ കാണേണ്ടവര്‍ കാണാത്തത്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ഹര്‍ഷയുടെ നിര്‍ധന കുടുംബത്തിന് വീട് ഇന്നും സ്വപ്‌നം മാത്രം. നാട്ടുകാര്‍ പണപ്പിരിവു നടത്തിയാണ് പലപ്പോഴും ഈ ദളിത് പെണ്‍കുട്ടിയെ മത്സരക്കളത്തിലേക്ക് യാത്രയാക്കുന്നത്. വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഹര്‍ഷയ്ക്ക് പഠനത്തിനൊപ്പം കായിക പരിശീലനവും നേടണമെന്ന ആഗ്രഹമുണ്ട്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അതിന് തടസമാകുന്നു. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ആദ്യമായി മത്സരിച്ച വനിതാ ടീം വെങ്കലത്തിളക്കം സ്വന്തമാക്കിയതോടെയാണ് റഗ്ബിക്ക് കേരളത്തില്‍ സ്വീകാര്യതയേറിയത്. അടുത്ത ദേശീയ ഗെയിംസിലെ റഗ്ബി വനിതാ ടീമില്‍ ഊഴം നേടാന്‍ സാധ്യതയുള്ള താരമാണ് ഹര്‍ഷ. അസാധാരണ മെയ്‌വഴക്കവും അതിശയിപ്പിക്കുന്ന പ്രകടനവും പുറത്തെടുക്കുന്ന ഈ പെണ്‍കുട്ടി ഉയരങ്ങള്‍ കീഴടക്കുമെന്ന് റഗ്ബി കേരള ടീം ക്യാപ്റ്റന്‍ നീതു വിലയിരുത്തുന്നു. മികച്ച പരിശീലനം നല്‍കിയാല്‍ ഹര്‍ഷയിലെ പ്രതിഭയെ സ്ഫുടം ചെയ്‌തെടുക്കാനാവും. പക്ഷേ വയറു നിറച്ചുണ്ണാന്‍ മിക്കപ്പോഴും വകയില്ലാത്ത കുടുംബത്തിന് അതിനുള്ള ഗതിയില്ല. കായിക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹര്‍ഷയ്ക്ക് മൈതാനങ്ങള്‍ കീഴടക്കാന്‍ മികച്ച പരിശീലനവും ആരെയും ഭയക്കാതെ അന്തിയുറങ്ങാന്‍ സ്വന്തമായൊരു വീടും വേണം. അതിന് സര്‍ക്കാര്‍ ഒപ്പം ഉണ്ടായേതീരൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.