ചെറുപുഴ: പെരിങ്ങോം ഗവ. ഐടിഐക്ക് പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ഇന്ന് രാവിലെ 11 ന് മന്ത്രി ജി.സുധാകരന് ശിലാസ്ഥാപനം നിര്‍വ്വഹിക്കും. സി.കൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പെരിങ്ങോം പയ്യന്നൂര്‍ മെയിന്‍ റോഡിനോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ പെരിങ്ങോം റസ്റ്റ് ഹൗസിന് എതിര്‍വശത്താണ് ഐടിഐ കെട്ടിടം നിര്‍മ്മിക്കുന്നത്. റവന്യൂ വകുപ്പില്‍ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് വിട്ടുകിട്ടിയ 5 ഏക്കറിലാണ് ക്ലാസ്സ് മുറികളും ഓഫിസും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. 3.5 കോടി രൂപയാണ് അടങ്കല്‍ തുക. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. 2010 ല്‍ ക്ലാസ്സുകള്‍ ആരംഭിച്ച പെരിങ്ങോം ഗവ.ഐടിഐ ഇപ്പോള്‍ അരവഞ്ചാല്‍ പെരിന്തട്ട റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, വെല്‍ഡര്‍ ട്രേഡുകളിലുള്ള കോഴ്സുകളാണ് നിലവിലുള്ളത്. ആലക്കോട്, ചെറുപുഴ, പെരിങ്ങോം വയക്കര, എരമം കുറ്റൂര്‍, കാങ്കോല്‍ ആലപ്പടമ്പ, ഈസ്റ്റ് എളേരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് പെരിങ്ങോത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: