മുഞ്ഞ ആക്രമണം; കര്‍ഷകര്‍ ആശങ്കയില്‍

Monday 28 August 2017 7:58 pm IST

കുട്ടനാട്: രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ മുഞ്ഞ ബാധ വ്യാപകമാകുന്നു, കര്‍ഷകര്‍ ആശങ്കയില്‍. മുഞ്ഞയെ നശിപ്പിക്കുന്ന മിത്രകീടങ്ങളും ധാരാളമായി കണ്ടുവരുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു കീടനിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ചമ്പക്കുളം ബ്ലോക്ക് പരിധിയിലെ പാടശേഖരങ്ങളിലാണു മുഞ്ഞയുടെ ആക്രമണം ആദ്യം കണ്ടെത്തിയത്. 80 മുതല്‍ 95 വരെ പ്രായമായ നെല്‍ച്ചെടികളിലാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ അമ്പലപ്പുഴ, ചെറുതന, നെടുമുടി, ചമ്പക്കുളം പ്രദേശങ്ങളില്‍ കീടനിരീക്ഷണ കേന്ദ്രം അധികൃതര്‍ സ്ഥാപിച്ചിട്ടുള്ള വിളക്കു കെണികളിലും മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടുവരുന്നുണ്ട്. എടത്വ കൃഷിഭവന്‍ പരിധിയിലെ ചുങ്കം ഇടച്ചുങ്കം, പാണ്ടങ്കരി മടക്കല്‍, തെങ്കര പച്ച, ഊരാംവേലിപ്പുറം, ഇരവുകരി, പുത്തന്‍ വരമ്പിനകം, നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയിലെ കോഴിച്ചാല്‍ തെക്ക്, രാമങ്കരി കൃഷിഭവന്‍ പരിധിയിലെ പുതുക്കരി പുതിയകരി, വെളിയനാട് കൃഷിഭവന്‍ പരിധിയിലെ മരുടാകരി നോര്‍ത്ത്, ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ പടച്ചാല്‍, എഴുകാട്, ചിറക്കുപുറം, കരുവാറ്റ കൃഷിഭവന്‍ പരിധിയിലെ ഈഴാംങ്കരി ഈസ്റ്റ്, തകഴി കൃഷിഭവന്‍ പരിധിയിലെ പോളേപ്പാടം, ഐവേലിക്കാട് എന്നിവിടങ്ങളിലാണു മുഞ്ഞയുടെ സാന്നിധ്യം നേരിയ തോതില്‍ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ശരാശരി കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടരുന്നതാണു മുഞ്ഞയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം.അടുത്ത ദിവസങ്ങളില്‍ മഴ ലഭിച്ചാല്‍ മുഞ്ഞയുടെ ആക്രമണം കുറയും. ഇപ്പോള്‍ രൂക്ഷമായി കാണുന്ന കൃഷിയിടങ്ങളില്‍ മാത്രം ബിപ്രോഫൈസിന്‍ അടങ്ങിയ കീടനാശിനികള്‍ ഏക്കറിനു 330 മില്ലി ലിറ്റര്‍ കണക്കില്‍ തളിക്കുന്നതുവഴി മുഞ്ഞ ആക്രമണം പടരുന്നതു തടയാം. കൃഷി വകുപ്പോ, മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രമോ നിര്‍ദേശിക്കാത്ത കീടനാശിനികള്‍ ഉപയോഗിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.