ലോകകപ്പ്: കൊച്ചി ലോഗോ തയ്യാര്‍

Monday 28 August 2017 9:39 pm IST

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന കൊച്ചി നഗരത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ചീനവലയുടെ പശ്ചാത്തലത്തില്‍ തിരയടിച്ചെത്തുന്ന ഫുട്‌ബോളാണ് കൊച്ചി സിറ്റി ലോഗോ.അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പന്തുകളിയാവേശവും ഇതില്‍ സംഗമിക്കുന്നു. വാഴക്കാല സ്വദേശി മനു മൈക്കിളാണ് ലോഗോ ഡിസൈന്‍ ചെയ്തത്. ഒക്ടോബറില്‍ രാജ്യത്തെ ആറു വേദികളിലായി നടക്കുന്ന ഫിഫാ അണ്ടര്‍ 17 ലോകകപ്പിലെ ഡി ഗ്രൂപ്പ് മത്സരങ്ങളാണ് കൊച്ചിയില്‍ അരങ്ങേറുക. സി ഗ്രൂപ്പിലെ അവസാനമത്സരത്തിനും ഒരു പ്രീക്വാര്‍ട്ടറിനും ക്വാര്‍ട്ടര്‍ഫൈനലിനും കൂടി കൊച്ചി ആതിഥ്യമരുളും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷനായി. ലോകകപ്പിനായി എത്തുന്നവരെ സ്വീകരിക്കാനും പരിപാടികള്‍ യശസ്സുയര്‍ത്തുന്ന രീതിയില്‍ സംഘടിപ്പിക്കാനും കൊച്ചിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരനെ ആദരിച്ചു. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, പി.ടി. തോമസ്, കെ.ജെ മാക്സി, മേയര്‍ സൗമിനി ജയിന്‍, മുന്‍ എംപി പി. രാജീവ് ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ നോഡല്‍ ഓഫീസര്‍ എപിഎം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള, അസിസ്റ്റന്റ് കളക്ടര്‍ ഈശപ്രിയ, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കെഎഫ്എ പ്രസിഡന്റ് കെ.എം.എം. മേത്തര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, ഫിഫ പ്രതിനിധി ഹവിയര്‍ സെപ്പി തുടങ്ങിയവര്‍ പങ്കെടുത്തു. ലോകകപ്പിന്റെ ഭാഗ്യമുദ്രയായ ഖേലിയോയുടെ സാന്നിദ്ധ്യം യോഗത്തിന് മിഴിവേകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.