കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ സൈബര്‍ സ്റ്റേഷനാക്കുന്നു

Monday 28 August 2017 10:12 pm IST

കൊച്ചി: വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ രണ്ടരകോടി മുടക്കി സജ്ജീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍കെട്ടിടത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ആധുനിക സംവിധാനങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുമുള്ള സംസ്ഥാനത്തെ പ്രധാന സൈബര്‍സ്‌റ്റേഷനായിരിക്കും ഇന്‍ഫോപാര്‍ക്കിലേതെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഫോ സിറ്റി പോലീസ് സ്‌റ്റേഷനെന്ന പേരില്‍, ആധുനിക സൗകര്യങ്ങളോടെ രൂപകല്‍പന ചെയ്തിട്ടുള്ള സ്‌റ്റേഷന്റെ നിര്‍മ്മാണം എട്ടുമാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. കൊച്ചിയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനായി പോലീസ് ബജറ്റില്‍നിന്നും അഞ്ചുകോടി രൂപ അനുവദിക്കും. ടൗണ്‍ പോലീസ് സ്‌റ്റേഷനുകള്‍ സിറ്റി പോലീസ് സ്‌റ്റേഷനുകളാക്കി ഉയര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗുണകരമാണ്. ഈ വിഷയം പരിശോധിക്കും. രാത്രിയിലും സ്ത്രീകള്‍ക്കു പേടി കൂടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ സുരക്ഷ സംവിധാനങ്ങള്‍ മാറണം. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണു പോലീസ് നടത്തുന്നത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് നിര്‍ഭയ പദ്ധതിവഴി പുരുഷന്മാര്‍ക്കു ബോധവത്കരണം നല്‍കുമെന്നും ഡിജിപി പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.