സര്‍സംഘചാലകിനെ വിലക്കാന്‍ ശ്രമിച്ച സംഭവം; പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

Tuesday 29 August 2017 11:01 am IST

ന്യൂദല്‍ഹി: സ്വാതന്ത്രദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കാന്‍ ശ്രമിച്ച പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പാലക്കാട്ടെ കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ പാതാക ഉയര്‍ത്തുന്നതില്‍ നിന്നാണ് മോഹന്‍ഭാഗവത്തിനെ വിലക്കാനുള്ള വിഫല ശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും വിചിത്രമായ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടക്കുന്നതിന് തലേദിവസം രാത്രി പതിനൊന്നരയോടെയാണ് മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തരുതെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. മാസങ്ങള്‍ക്കു മുന്‍പ് നിശ്ചയിച്ച പരിപാടിയാണ് അര്‍ധരാത്രിയുള്ള ഉത്തരവിലൂടെ തടയാന്‍ കളക്ടര്‍ ശ്രമിച്ചത്. എന്നാല്‍, പരിപാടിയുമായി മുന്നോട്ടുപോകാന്‍ സംഘാടകരും സ്‌കൂള്‍ അധികൃതരും തീരുമാനിച്ചു. വിദ്യാലയങ്ങളില്‍ സംഘടനാ പ്രതിനിധികള്‍ ദേശീയ പതാക ഉയര്‍ത്തുന്നത് വിലക്കി ഇന്റലിജന്‍സ് ഡിജിപി നേരത്തെ പുറത്തിറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് പാലക്കാട് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.