ഒരു വടക്കന്‍ വിജയഗാഥ

Tuesday 29 August 2017 6:06 pm IST

സോളാര്‍ പവര്‍ പ്ലാന്റ് വഴിയുള്ള വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ കോഴിക്കോട് ഗവണ്‍മെന്റ് വനിതാ ഐടിഐ, വൈദ്യുതി ഉല്‍പ്പാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിച്ച് ഏവര്‍ക്കും മാതൃകയാവുന്നു. ഈ സ്ഥാപനത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റി(ഐഎംസി)യുടെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ചിട്ടുള്ള സോളാര്‍ പവര്‍ പ്ലാന്റ് കേരളത്തിലെ ഗവണ്‍മെന്റ് ഐടിഐകളില്‍ ആദ്യത്തെ സംരംഭമാണ്. ഈ പ്രോജക്ടിനുവേണ്ടി ചെലവായിട്ടുള്ള 21 ലക്ഷത്തോളം വരുന്ന തുക കണ്ടെത്തിയിട്ടുള്ളത് ഐഎംസി നടത്തിവരുന്ന വിവിധ ഹ്രസ്വകാല കോഴ്‌സ് വഴിയുള്ള വിഭവ സമാഹരണത്തിലൂടെയാണ്. മാസംതോറും ഐടിഐക്ക് ആവശ്യമായി വരുന്ന വൈദ്യുതിയുടെ ബില്‍ ഏകദേശം 35,000 രൂപയോളം വരും. സംസ്ഥാന ഖജനാവില്‍ നിന്നും കെഎസ്ഇബിയിലേക്ക് അടയ്‌ക്കേണ്ടിവരുന്ന വന്‍ തുക ഒഴിവായി കിട്ടുന്നതോടൊപ്പം മിച്ചം വരുന്ന വൈദ്യുതി വഴി ലഭ്യമാകുന്ന പണം ഐടിഐയ്ക്ക് മാസംതോറും നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടിയാണ്. ഇത് സ്ഥാപനത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും പുരോഗതിക്കായി വിനിയോഗിക്കുന്നു. ഇപ്പോള്‍ പണി പൂര്‍ത്തീകരിച്ചിരിക്കുന്ന സോളാര്‍ പവ്വര്‍ പ്ലാന്റിന് 30 കിലോ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. സ്ഥാപനത്തിന് ആവശ്യമായ 20 മുതല്‍ 25 കിലോ വാട്ട് വൈദ്യുതി ഉപയോഗം കഴിഞ്ഞ് മിച്ചംവരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. ഇതുവഴി നാടിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നതില്‍ തനത് സംഭാവന നല്‍കിക്കൊണ്ട് ഉയര്‍ന്ന സാമൂഹ്യ പ്രതിബദ്ധതയും ഈ സ്ഥാപനം ഏറ്റെടുക്കുന്നു. അവധി ദിവസങ്ങളില്‍ മുഴുവന്‍ വൈദ്യുതിയും സമൂഹത്തിന്റെ പുരോഗതിക്കും വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുമായി വിനിയോഗിക്കാനും കഴിയും. 2017 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് നാടിനും വനിത ഐടിഐയ്ക്കും മുതല്‍ക്കൂട്ടാവുന്ന വിധത്തില്‍ ഉദ്ഘാടനത്തിനായി ഒരുങ്ങിനില്‍ക്കുകയാണ്. മാതൃകാപരമായ ഒട്ടനവധി നൂതന സംരംഭങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന ഗവണ്‍മെന്റ് വനിത ഐടിഐയുടെ വികസന ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടിയാണ് ഈ സോളര്‍ പവര്‍ പ്ലാന്റ്. (കോഴിക്കോട് ഗവ. വനിതാ ഐടിഐ പ്രിന്‍സിപ്പലാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.