നിര്‍മ്മാണം പൂര്‍ത്തിയാവാതെ പോത്തുണ്ടി കുടിവെള്ള പദ്ധതി

Tuesday 29 August 2017 8:41 pm IST

ആലത്തൂര്‍:മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി നടപ്പിലാക്കിയ പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നിലച്ചു.2014ല്‍ ആരംഭിച്ച ഒന്നാംഘട്ട പദ്ധതി പോലും മൂന്നും വര്‍ഷമായിട്ടും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നെന്മാറ,അയിലൂര്‍,മേലാര്‍കോട് പഞ്ചായത്തുകളില്‍ പോത്തുണ്ടിയില്‍ നിന്ന് കുടിവെള്ള വിതരണംനടത്തുന്നതിനായാണ് 29 കോടിരൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചത്. കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന്‌വഴിതടയല്‍ സമരമുള്‍പ്പെടെ നടത്തിയതിനെ തുടര്‍ന്ന് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചത്. സംസ്ഥാനതല സ്‌കീം സാംഗ്ഷനിംങ് കമ്മറ്റിയുടെ അംഗീകരാത്തോടെ നാഷ്ണല്‍ റൂറല്‍ ഡ്രിംങ്കിങ് വാട്ടര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒന്നാംഘട്ട പദ്ധതിയുലുള്‍പ്പെടുത്തി 11കോടി അന്ന് അനുവദിക്കുകയും നിര്‍മ്മാണപ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പോത്തുണ്ടി ഡാമിനകത്ത് കിണറിന്റെ നവീകരണവും,പ്രതിദിനം 12.5 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റും,നെന്മാറ വരെ പൈപ്പുകള്‍ സ്ഥാപിക്കാനും ഇത് 2015 ഡിസംബറില്‍ പൂര്‍ത്തിയാക്കാനുമായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷംമായിട്ടും പൈപ്പിടലും, ഡാമിന്റെ കിണര്‍ നന്നാക്കലും മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി ഇപ്പോഴും തുടരുകയാണ്.കരാറുകാരന് ബില്‍ തുക കുടിശികയായതിനാല്‍ പണി നിര്‍ത്തിവെക്കുകയും പിന്നീട് പുനരാംഭിക്കുകയും ചെയ്തു.പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായി പൂര്‍ത്തിയാകാന്‍ ഇനിയും നാലുമാസമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നെന്മാറയിലും, 10,700 മീറ്റര്‍ നീളം പൈപ്പുകള്‍ സ്ഥാപിച്ച് അടിപ്പെരണ്ടത്തറയിലും, 12,100 മീറ്റര്‍ പൈപ്പിട്ട് കടമ്പിടിയിലും,പുതിയ ജലസംഭരണികള്‍സ്ഥാപിക്കണം. 2016ല്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച ഈ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയിട്ടില്ല.പദ്ധതി പൂര്‍ത്തിയായാല്‍ പ്രതിദിനം 70 ലിറ്റര്‍ വെള്ളം എന്നതോതില്‍ 1,32,000 പേര്‍ക്ക് ജലവിതരണം നടത്താന്‍ കഴിയും. പോത്തുണ്ടിയിലെ ശുദ്ധീകരണ ശാലയില്‍ നിന്ന് വെള്ളം പമ്പ്‌ചെയ്ത് നെന്മാറയിലെ ജലസംഭരണിയില്‍ നിന്ന് നെന്മാറ ഗ്രാമപഞ്ചായത്തിലേക്കും, എന്‍എസ്എസ് കോളേജിന് സമീപത്തെ ജലസംഭരണിയില്‍ നിന്ന് അയിലൂര്‍, മേലാര്‍കോട് ഗ്രാമപഞ്ചായത്തിലേക്കും ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണം നടത്തുന്നത്. ഇതിനു പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ പദ്ധതിയാണ് മൂന്നുവര്‍ഷമായിട്ടും ഇഴഞ്ഞു നീങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.