നാവിലൂറും ചക്ക രുചിയുമായി ഓണം വിപണനമേള

Tuesday 29 August 2017 9:01 pm IST

ആലപ്പുഴ: ചക്കകേക്ക്, കുക്കീസ്, ചക്കക്കുരു ചമ്മന്തി, ചക്ക ഹല്‍വ, വരട്ടി, ചക്ക ഉണ്ണിയപ്പം, ചക്ക പപ്പടം, ചക്കക്കുരു ചപ്പാത്തിപ്പൊടി... ഇങ്ങനെ ചക്കയും ചക്കക്കുരുവും കൊണ്ട് വ്യത്യസ്ത വിഭവങ്ങളൊരുക്കിയിരിക്കുകയാണ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ എസ്ജിഎസ്‌വൈ- കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേള. ആലപ്പുഴ ആറാട്ടുവഴിയിലെ ജ്യോതിയുടെ നേതൃത്വത്തിലുള്ള 20 അംഗ 'സ്‌നേഹ' കുടുംബശ്രീ യൂണിറ്റാണ് ചക്കയും ചക്കക്കുരുവും കൊണ്ടുള്ള വിഭവങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ചക്ക മില്‍ക്ക് പേട, ചക്കക്കുരു ചമ്മന്തി, ചക്കക്കുരു ചെമ്മീന്‍ ചമ്മന്തി, ചക്കത്തിര തുടങ്ങി പല ഉത്പന്നങ്ങളായി ചക്കയുടെ വ്യത്യസ്തമാര്‍ന്ന രുചിക്കൂട്ട് പരിചയപ്പെടുത്തുകയാണ് സ്‌നേഹ യൂണിറ്റിന്റെ സ്റ്റാള്‍. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് മായം കലരാത്ത മഞ്ഞള്‍പ്പൊടി അടക്കമുള്ള നിത്യോപയോഗ ഉത്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. പ്രകൃതി ദത്തമായ സഞ്ചികളും ബാഗുമൊരുക്കിയാണ് അവലൂക്കുന്ന് വിപഞ്ചിക കുടുംബശ്രീ യൂണിറ്റിന്റെ സ്റ്റാള്‍ വ്യത്യസ്തമാകുന്നത്. പേപ്പര്‍ ബാഗ്, ചണ സഞ്ചി, ജൂട്ട് ബിഗ് ഷോപ്പര്‍, ബാഗുകള്‍, തുണി സഞ്ചി തുടങ്ങിയവയുടെ വിപുലമായ ശ്രേണി സ്റ്റാളിലുണ്ട്. നാടന്‍ ഉപ്പേരിയും ഏത്തയ്ക്കയുമടക്കം സ്റ്റാളുകളില്‍ ലഭ്യമാണ്. കയറിന്റെ ചവിട്ടി മുതല്‍ കുട്ടയും മുറവും ചട്ടിയും കലവും പാള പ്ലേറ്റും മുതല്‍ പച്ചക്കറി തൈകള്‍ വരെ മേളയിലൂടെ വാങ്ങാം. വിജീസ് പിക്കിള്‍സിന്റെ സ്റ്റാളിലൂടെ അമ്പഴങ്ങ അച്ചാര്‍ മുതല്‍ കാരറ്റ്, ബീറ്റ് റൂട്ട് അടക്കം 30 ഓളം സാധനങ്ങളുപയോഗിച്ചുള്ള അച്ചാറുകളും ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ആദ്യവില്‍പ്പന നിര്‍വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.