ചെങ്ങന്നൂരില്‍ കുഞ്ഞിനെ തട്ടിയെടുത്ത് സ്വര്‍ണം കവര്‍ന്നു

Tuesday 29 August 2017 9:13 pm IST

ചെങ്ങന്നൂര്‍(ആലപ്പുഴ): കിടപ്പുമുറിയില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി അരഞ്ഞാണവും മാലയും കവര്‍ന്ന ശേഷം കുട്ടിയെ റോഡിലുപേക്ഷിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് കൊല്ലകടവ് തടത്തില്‍ അനീഷിന്റെ മകന്‍ അമാനെയാണ് മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. അമ്മ അന്‍സീനയ്‌ക്കൊപ്പം ഇരുനില വീടിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു അമാന്‍. പണി നടക്കുകയായിരുന്ന വീടിന്റെ മുകള്‍ നിലയിലെ സ്‌റ്റെയര്‍കേസ് റൂമിന്റെ താല്‍ക്കാലിക വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറിയത്. മുറിക്കുള്ളിലെ ലൈറ്റ് ഓഫ് ചെയ്ത ശേഷമായിരുന്നു മോഷണശ്രമം. അന്‍സിയയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഉണര്‍ന്ന് ബഹളംവച്ചതോടെ മോഷ്ടാക്കള്‍ മാല കളഞ്ഞിട്ട് കുട്ടിയുമായി ഓടുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ട് നോക്കിയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞത്. മോഷ്ടാക്കള്‍ ആഭരണങ്ങള്‍ അപഹരിച്ച ശേഷം കുഞ്ഞിനെ വീടിന് നൂറുമീറ്റര്‍ അകലെ റോഡില്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിക്കായി തെരച്ചില്‍ നടത്തി. തുടര്‍ന്ന് പത്തു മിനിട്ടുകള്‍ക്ക് ശേഷം വെണ്മണി ഗവ. മുഹമ്മദന്‍സ് ഹൈസ്‌കൂളിന് സമീപം കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയപ്പോഴാണ് സ്‌കൂളിന്റെ മതിലിനോടു ചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്ന ഒന്നര പവന്‍ തൂക്കമുള്ള അരഞ്ഞാണവും ഒരു പവന്‍ തൂക്കമുള്ള മാലയും നഷ്ടപ്പെട്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വെണ്മണി പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. അമാന്റെ അച്ഛന്‍ അനീഷ് വിദേശത്താണ്. ആലപ്പുഴ നിന്നും വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.