അദാലത്ത് സമയ പരിധിക്കുള്ളില്‍ തീരില്ല; പെന്‍ഷന്‍ ലഭിക്കാതെ ആയിരങ്ങള്‍

Tuesday 29 August 2017 9:16 pm IST

കൊല്ലം: വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനുള്ള അദാലത്തുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകില്ല. ഇതോടെ മുടങ്ങിയ ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനെങ്കിലും കിട്ടുമെന്ന പ്രതീക്ഷ മങ്ങി. ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ സാമൂഹിക സുരക്ഷാ പെന്‍ഷനോ മറ്റ് പെന്‍ഷനുകളോ അനര്‍ഹമായി വാങ്ങുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഗുണഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. ഇതെത്തുടര്‍ന്ന് ആധാര്‍ നമ്പര്‍ സമര്‍പ്പിച്ചിട്ടില്ലാവരുടെ പെന്‍ഷന്‍ മുടങ്ങി. ഇത് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ അദാലത്തുകള്‍ നടത്തുന്നത്. പരാതിയുള്ളവര്‍ അതാത് ക്ഷേമനിധി ബോര്‍ഡുകളുടെ ജില്ലാ ഓഫീസര്‍ മുഖേന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് (സിഇഒ)പരാതി സമര്‍പ്പിക്കണം. അദാലത്തിനുള്ള സമയം, സ്ഥലം, തീയതി എന്നിവ ഈ മാസം 31ന് മുന്‍പായി പ്രസിദ്ധീകരിച്ച് സെപ്തംബര്‍ 15നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ അദാലത്തുകള്‍ നടക്കാനുള്ള സാധ്യതയില്ല. ജില്ലാ തലത്തിലെ അദാലത്തുകള്‍ നസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ല. സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെ ഏഴ് പ്രവൃത്തി ദിവസം മാത്രമാണ് ഉള്ളത്. എല്ലാ ജില്ലകളിലും നിരവധി പരാതിക്കാരുണ്ട്. ഇവരുടെ രേഖകള്‍ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കാന്‍ ഒരു ദിവസം കൊണ്ട് സാധിക്കില്ല. അതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പെന്‍ഷന്‍ ലഭിക്കാന്‍ ആറു മാസം സമയമെങ്കിലും എടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതു സംബന്ധിച്ച് വീണ്ടും സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകണം. ഇതോടെ ഓണത്തിന് പെന്‍ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരുന്ന പാവങ്ങളുടെ കാത്തിരിപ്പ് നീളും. അദാലത്ത് നടപടികളുടെ സമയക്രമം നിശ്ചയിച്ചത് നടപ്പാക്കാന്‍ വേണ്ടിയല്ലെന്ന് പരാതിക്കാര്‍ പറയുന്നു. ഓണത്തിന്റെ അവധിസമയം നോക്കി നിശ്ചയിച്ചതിനു പിന്നില്‍ പരാതികള്‍ പരിഹരിക്കുകയല്ല, സര്‍ക്കാരിന്റെ ലക്ഷ്യം, പറ്റിക്കലാണെന്നും പരാതിക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.