കാളിയാര്‍: ജനമൈത്രി പൊലീസിന്റെ സര്‍വേയുടെ ഭാഗമായി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ നായകളുടെ ആക്രമണത്തില്‍ ഉദ്യോഗസ്ഥന് പരിക്കേറ്റു.
കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍ഡ് സബ് ഇന്‍സ്പെക്ടര്‍ സണ്ണിക്കാണ് നായകളുടെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ന് പടി.കോടിക്കുളം പാറപ്പുഴയ്ക്ക് സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. വീടിന് മുന്നിലായി കിടക്കുകയായിരുന്ന രണ്ട് നായ്ക്കള്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ പാഞ്ഞടുക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നായകളിലൊന്ന് കാലില്‍ കടിക്കുകയായിരുന്നു. ഈ സമയം ഓടിയെത്തിയ വീട്ടുടമ നായ്ക്കളെ മാറ്റി. പരിക്കേറ്റ എഎസ്ഐ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജനമൈത്രി പോലീസിന്റെ സര്‍വേയുടെ ഭാഗമായി ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയിറങ്ങുകയാണ്. 31 ന് മുമ്പായി സര്‍വേ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം.
പതിവായുള്ള ജോലിക്ക് പുറമെ അമിത ജോലി ഭാരം ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം സേനയില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. വനിതകള്‍ അടക്കമുള്ളവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൃത്യസമയത്ത് വിവരശേഖരണം പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: