സര്‍സംഘചാലകിനെ വിലക്കിയതിന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

Tuesday 29 August 2017 11:51 pm IST

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു.

ന്യൂദല്‍ഹി/പാലക്കാട്: സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ പാലക്കാട് ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ചീഫ് സെക്രട്ടറി നളിനി നെറ്റോക്കാണ് ഇതുസംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് കത്തു നല്‍കിയത്.

ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് നല്‍കിയ പരാതിയിലാണ് നടപടി. പരാതിക്കാരനും ഇതു സംബന്ധിച്ച് മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ആഗസ്ത് 22നാണ് കത്ത് പിഎംഒ ചീഫ് സെക്രട്ടറിക്ക് അയച്ചത്.

അത്യന്തം വിചിത്രമായ നടപടിയാണ് കളക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്നുമാണ് കൃഷ്ണദാസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന്റെ പരിപാടികള്‍ മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിക്കുകയും പോലീസിനും സംസ്ഥാന സര്‍ക്കാരിനും മുന്‍കൂട്ടി വിവരം നല്‍കുകയും ചെയ്തതാണ്.

എന്നാല്‍ മോഹന്‍ഭാഗവത് പതാക ഉയര്‍ത്തരുതെന്ന് സ്വാതന്ത്ര്യദിനത്തിന് തലേന്ന് രാത്രി 11.30ന് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത് ആഘോഷം അട്ടിമറിക്കാനുള്ള നീക്കമാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍സംഘചാലകിന്റെ പരിപാടി തടഞ്ഞ കളക്ടറുടെ നടപടിയില്‍ ആഗസ്ത് 15ന് തന്നെ കേന്ദ്രആഭ്യന്തര സെക്രട്ടറി സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് ഫോണില്‍ വിശദീകരണം തേടിയിരുന്നു. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ് കളക്ടര്‍ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ട്.

പാലക്കാട് മൂത്താന്തറ കര്‍ണ്ണകയമ്മന്‍ സ്‌കൂളില്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാനായിരുന്നു ശ്രമം. 14ന് രാത്രി 11.30നാണ് സംഘടനാ പ്രതിനിധികള്‍ പതാക ഉയര്‍ത്താന്‍ പാടില്ലെന്നു കാണിച്ച് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി നോട്ടീസ് നല്‍കിയത്.

പരിപാടിയുടെ വിശദാംശങ്ങള്‍ മൂന്നുദിവസം മുമ്പ് വിജിലന്‍സ്, സ്‌പെഷല്‍ ബ്രാഞ്ച്, സിഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിരുന്നു. എഎസ്പി സ്ഥലം സന്ദര്‍ശിച്ച് സുരക്ഷാകാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതാണ്.

സര്‍സംഘചാലക് ദേശീയപതാക ഉയര്‍ത്തിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും വാദിച്ചിരുന്നെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും നടന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ആരെങ്കിലും വിശദീകരണം ആരായുകയോ തങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.