സുധീരന്റെ വെളിപാടുകള്‍!

Wednesday 30 August 2017 9:38 am IST

തങ്ങളുടെ ശബ്ദംകേട്ടില്ലെങ്കില്‍ ജനം മറന്നുപോകുമോ എന്നും സംശയിക്കുന്ന രാഷ്ട്രീയ നേതാക്കളുണ്ട്.ഇടയ്ക്ക് എന്തെങ്കിലും വിളിച്ചുപറഞ്ഞില്ലെങ്കില്‍ ജനം മറന്നാലോ എന്നുവിചാരിച്ചുതന്നെയാവും മന്ത്രി തോമസ് ചാണ്ടിയുടേയും പി.വി.അന്‍വര്‍ എം.എല്‍.എയുടേയും പേരുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെ വി.എം.സുധീരന്‍ വിമര്‍ശിച്ചത്. നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറുമെന്ന് പിണറായി അറിയണമെന്നാണ് സുധീരന്‍ പ്രസംഗിച്ചത്.ഇത്തരം പലഅറിവുകളും ഭരണപക്ഷത്തായിരുന്നപ്പോള്‍ സുധീരനും കൂട്ടര്‍ക്കും പിണറായി സഖാവും സില്‍ബന്ധികളും പകര്‍ന്നുതന്നതല്ലേ.എന്നിട്ടു നിങ്ങള്‍ പഠിച്ചോ.ഇപ്പോള്‍ നിങ്ങള്‍ പറയുന്നത് അവര്‍ കേള്‍ക്കണമെന്നുപറയുന്നത് എവിടത്തെന്യായം. തോമസ് ചാണ്ടിയേയും അന്‍വറിനേയും പുറത്താക്കാത്തത് അവര്‍ പണക്കാരായതുകൊണ്ടാണെന്നു സുധീരന്‍ പറയുന്നു.രണ്ടുപേര്‍ക്കുമെതിരെ തുടര്‍ സമരങ്ങള്‍ നടത്തുമെന്നും സുധീരന്‍.ഇത്തരം പണക്കാരെയാണ് ഭരിക്കുന്നവര്‍ക്കു ഉപകാരമെന്ന് അറിയാത്ത ആളാണോ സുധീരന്‍.പണക്കാര്‍ക്കെതിരെ സമരം ചെയ്താല്‍ എന്താണു നടക്കുന്നതെന്നും അറിയാത്ത ആളുമല്ല. യു.ഡി.എഫ് ഭരിച്ചപ്പോള്‍ അതിലാരും പണക്കാരുണ്ടായിരുന്നില്ല.എല്ലാവരും തീരെ പാവപ്പെട്ടവരും പരമദരിദ്രരുമായിരുന്നു! കെ.കെ.ശൈലജക്കെതിരെ എന്തായിരുന്നു.ഇപ്പോള്‍ എന്തായി.ഇതെല്ലാം ശുദ്ധതട്ടിപ്പാണെന്ന് ജനത്തിനറിയാം.അതുകൊണ്ട് സമരവും പ്രസംഗവുമെന്നൊക്കെ പറഞ്ഞാല്‍ ജനംചിരിച്ചു തള്ളും. എത്രകാലം ഈ അഡ്ജസ്റ്റുമെന്റു സമരങ്ങള്‍ നടത്തും സുധീരാ.ഇതിനുപകരം പുതിയ എന്തെങ്കിലും കലാപരിപാടികള്‍ കണ്ടെത്തുകയാവും നല്ലത്്.ജനത്തിനു വല്ലപ്പോഴെങ്കിലും ഒരുപുതുമവേണ്ടേ.അല്ലെങ്കില്‍ തന്നെ പത്തുപ്രവര്‍ത്തകരെപ്പോലും ഒന്നിനും കിട്ടുന്നില്ല.പിന്നെയാണു ജനം!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.