കാറോടിക്കാന്‍ കൃത്രിമനഗരം നിര്‍മ്മിച്ച് ഗൂഗിള്‍

Wednesday 30 August 2017 11:44 am IST

കാലിഫോര്‍ണിയ: സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗിള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു. കാലിഫോര്‍ണിയ മരുഭൂമിയിലാണ് കാസില്‍ എന്നു പേരില്‍ നഗരം നിര്‍മ്മിച്ചിരിക്കുന്നത്. വേമോയുടെ സെല്‍ഫ്-ഡ്രൈവിംഗ് കാറുകളാണ് ഇവിടെ പരീക്ഷിക്കുക. ട്രാഫിക് കോണുകളും ഗതാഗതം നിയന്ത്രിക്കുന്ന ബൊമ്മകളും ട്രാഫിക് ചിഹ്നങ്ങളും മാത്രമല്ല മറ്റ് കാറുകളും കൃത്രിമ നഗരത്തിലെ പാതകളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഗൂഗ്ളിലെ എന്‍ജിനീയര്‍മാരാണ് ഇതിനെല്ലാം അഹോരാത്രം പണിയെടുത്തത്. സെല്‍ഫ്-ഡ്രൈവിംഗ് കാറില്‍ ഉപയോഗിച്ചിരിക്കുന്ന അല്‍ഗോരിതം മനുഷ്യ ഡ്രൈവര്‍ ചെയ്യുന്നപോലെ പ്രവര്‍ത്തിക്കുകയെന്നതാണ് ഇവിടെയുള്ള വെല്ലുവിളി. എന്നാല്‍ മറ്റൊരു വാഹനം തടസ്സങ്ങള്‍ സൃഷ്ടിച്ചാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഈ അല്‍ഗോരിതങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ സുരക്ഷിതമായിരിക്കില്ല എന്നാണ് ഡിലോയിറ്റ് ഈയിടെ നടത്തിയ പഠനമനുസരിച്ച് 74 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നത്. ചൈനക്കാരില്‍ ഭൂരിപക്ഷം പേരും ഓട്ടോണമസ് കാറുകളെ വിശ്വസിക്കുന്നില്ല. സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ സുരക്ഷിതമാണെന്ന് കരുതുന്നില്ലെന്ന് കൊറിയക്കാരും പറയുന്നു. ജനങ്ങള്‍ ഓട്ടോണമസ് കാറുകള്‍ ഉപയോഗിക്കുന്നതിന് ഗൂഗ്ള്‍, ആപ്പിള്‍ പോലുള്ള വിശ്വസനീയ ബ്രാന്‍ഡുകളും പ്രശസ്ത വാഹനനിര്‍മ്മാതാക്കളും ഏറെ പണിപ്പെടേണ്ടിവരുമെന്നാണ് പഠനഫലം തെളിയിക്കുന്നത്. നൂറ് ഏക്കറിലാണ് കാസില്‍ നഗരം പരന്നുകിടക്കുന്നത്. കാസില്‍ വ്യോമ താവളത്തിന്റെ പേരാണ് നഗരത്തിന് കടംകൊണ്ടിരിക്കുന്നത്. വലിയ കെട്ടിടങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഗൂഗല്‍ന്റെ ഈ നഗരത്തില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ ഏതൊരു ആധുനിക നഗരത്തോടും കിടപിടിക്കുന്ന റോഡ് ശൃംഖല ഈ കൃത്രിമ നഗരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു. പാതകള്‍, നാല്‍ക്കവലകള്‍, കവലകള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവയെല്ലാം കാണാം. റോഡിന് സമാന്തരമായി വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള ഇടങ്ങള്‍, ഒറ്റവരി ഗതാഗതം, ലെയ്ന്‍ ചെയ്ഞ്ചിംഗ് എന്നീ സൗകര്യങ്ങളെല്ലാമുണ്ട്. ഓട്ടോണമസ് കാറുകള്‍ക്കായി പൂര്‍ണ്ണ നഗര പ്രതീതിയും യഥാര്‍ത്ഥ സാഹചര്യങ്ങളും സൃഷ്ടിക്കാന്‍ വേമോ സംഘത്തിന് സാധിച്ചിട്ടുണ്ട്. സബര്‍ബന്‍ ഡൗണ്‍ടൗണുകളില്‍ നടക്കുന്നതെല്ലാം പുന:സൃഷ്ടിച്ചിട്ടുണ്ടെന്ന് വേമോയിലെ ഒരു പ്രോഗ്രാം മാനേജറായ സ്റ്റെഫ് വില്ലേജാസ് പറഞ്ഞു. കടമുറികളില്‍നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് പുറത്തുവരുന്നതും പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കയറപ്പോകുന്നതുമെല്ലാം കൃത്യമായി അഭിനയിക്കാന്‍ ആളുകളുണ്ട്. കാറുകള്‍ക്കിടയിലൂടെ ആളുകള്‍ നടക്കും. ചിലപ്പോള്‍ കൈകളില്‍ സാധനസാമഗ്രികളുമായി ജനങ്ങള്‍ റോഡ് മുറിച്ചുകടക്കും. ഇമ്മാതിരി മാര്‍ഗ്ഗങ്ങളിലൂടെ മനുഷ്യരെ ഉപയോഗിച്ച് ഓട്ടോണമസ് കാറുകളെ പരീക്ഷിക്കുകയാണ് ഗൂഗ്ള്‍. പ്രൊഫഷണല്‍ കാല്‍നടയാത്രക്കാര്‍ എന്നാണ് അഭിനയിക്കാന്‍ വിളിച്ച ആളുകളെ ഗൂഗ്ള്‍ വിശേഷിപ്പിക്കുന്നത്. ഡ്രൈവര്‍ലെസ് കാറുകളെ കണ്ണുമടച്ച് വിശ്വസിക്കുക എന്നതാണ് ഇവര്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ജോലി.ടെക് കമ്പനികളും ഓട്ടോമൊബീല്‍ കമ്പനികളും അധികം വൈകാതെ തങ്ങളുടെ സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ അണിനിരത്തും. എന്നാല്‍ ഇത്തരം കാറുകള്‍ ഉപയോഗിക്കുന്നതിന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ കമ്പനികള്‍ക്ക് കഴിയുമോ എന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. ഡ്രൈവിംഗ് ആസ്വദിക്കുന്നവര്‍ക്ക് സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ യാഥാര്‍ത്ഥ്യമാകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ ഈ കാറുകള്‍ കടന്നുവരുന്നതിന്റെ വഴിമുടക്കാന്‍ ആരൊരാള്‍ക്കും കഴിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.