മിസൈല്‍ പരീക്ഷണം തുടരുമെന്ന് ഉത്തര കൊറിയ

Wednesday 30 August 2017 11:35 am IST

സോള്‍: കഴിഞ്ഞ ദിവസം ജപ്പാന് മുകളിലൂടെ നടത്തിയ മിസൈല്‍ പരീക്ഷണത്തിന് വിശദീകരണവുമായി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ രംഗത്ത്. മിസൈല്‍ പരീക്ഷീച്ചത് സൈനിക നടപടികളുടെ ആദ്യഘട്ടം മാത്രമാണെന്നും ഇനിയും സമാനമായ നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെ ഉദ്ധരിച്ച് കൊണ്ട് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎ ന്യൂസ് വ്യക്തമാക്കി.. ചൊവ്വാഴ്ചയാണ് പ്യോഗ്യാംഗിലെ അന്തര്‍ദേശീയ വിമാനത്താവളത്തിനു സമീപം സുനാനില്‍നിന്നു ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്.വിക്ഷേപിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെ 2700 കിലോമീറ്റര്‍ പറന്ന് പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു. എന്നാല്‍ ഇനി ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായാല്‍ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രതികരിച്ചു. ജപ്പാന് നേരെയുള്ള സുരക്ഷാ ഭീഷണിയായാണ് മിസൈല്‍ പ്രയോഗത്തെ നോക്കിക്കാണുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഷിന്‍സോ ആബെ പറഞ്ഞു. അതേസമയം അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഈ നീക്കത്തെ അതീവ ജാഗ്രതയോടെയാണ് അമേരിക്ക കാണുന്നത്. ഗുവാമിനെ ആക്രമിക്കണമെങ്കില്‍ ജപ്പാന് മുകളിലൂടെ മാത്രമെ മിസൈല്‍ അയക്കാന്‍ സാധിക്കുകയുള്ളു. ഉത്തരകൊറിയയില്‍ നിന്ന് 3,500 കിലോമീറ്റര്‍ അകലെയാണ് ഗുവാം. കഴിഞ്ഞ ദിവസം മൂന്ന് ഹ്രസ്വദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാന് നേരെയുള്ള പ്രകോപനം.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.