വിഷമില്ലാത്ത നാടന്‍ പച്ചക്കറികളുമായി കുടുംബശ്രീ ചന്ത ഇന്ന് മുതല്‍

Wednesday 30 August 2017 7:20 pm IST

കണ്ണൂര്‍: വിഷമില്ലാത്ത നാടന്‍ പച്ചക്കറി ഇനങ്ങളുമായി കുടുംബശ്രീയുടെ ഓണച്ചന്ത ഇന്ന് ആരംഭിക്കും. ഗ്രാമശ്രീ-വിഷരഹിത നാടന്‍ പച്ചക്കറിച്ചന്ത എന്ന പേരില്‍ കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്താണ് രണ്ടുദിവസത്തെ ഓണ ചന്ത. കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്ന മഹിളാ കിസാന്‍ ശാക്തീകരണ്‍ പര്യോജന (എംകെഎസ്പി) പദ്ധതിയില്‍ ഉല്‍പ്പാദിപ്പിച്ച നാടന്‍ പച്ചക്കറി ഇനങ്ങളാണ് ഓണച്ചന്തയിലൂടെ വില്‍പ്പന നടത്തുക. പച്ചക്കറി വാങ്ങാനെത്തുന്നവര്‍ തുണി സഞ്ചി കരുതണമെന്ന പ്രത്യേക അറിയിപ്പും കുടുംബശ്രീ നല്‍കുന്നു. സഞ്ചി എടുക്കാത്തവര്‍ക്ക് 20 രൂപ നിരക്കില്‍ ചന്തയില്‍ തുണി സഞ്ചി ലഭിക്കും. കൊട്ടിയൂര്‍ ഭാഗത്ത് നിന്ന് എത്തിച്ച പച്ചക്കായ, ഇരിട്ടിയില്‍ നിന്ന് ചേന, കുറുമാത്തൂരില്‍ നിന്ന് വെള്ളരി, കക്കിരി, തളിപ്പറമ്പില്‍ നിന്ന് കയ്പ, മയ്യില്‍ ഭാഗത്ത് നിന്ന് ഉഴുന്ന്, അരി എന്നിവയാണ് ഗ്രാമശ്രീ വഴി വിപണിയില്‍ എത്തുന്നത്. എംകെഎസ്പിയുടെ മാസ്റ്റര്‍ കര്‍ഷകരായ ജീവ ടീമിന്റെ നേതൃത്വത്തിലാണ് പച്ചക്കറി ഉത്പാദിപ്പിച്ചത്. സുഫലം - 2017 എന്ന പേരില്‍ ആഗസ്തില്‍ ജില്ലയില്‍ കുടുംബശ്രീ 110 പച്ചക്കറി ചന്തകള്‍ നടത്തിയിരുന്നു. ഇതുവഴി 10 ലക്ഷത്തിലധികം രൂപയുടെ പച്ചക്കറികളാണ് വിറ്റഴിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.