നദാല്‍, ഫെഡറര്‍ മുന്നോട്ട്

Wednesday 30 August 2017 9:29 pm IST

ന്യൂയോര്‍ക്ക്: ഭൂരിഭാഗം മത്സരങ്ങളും മഴ തടസപ്പെടുത്തിയ രണ്ടാം ദിനം യുഎസ് ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിര താരങ്ങള്‍ക്ക് മുന്നേറ്റം. പുരുഷന്മാരിലെ ഒന്നാം സീഡ് റാഫേല്‍ നദാല്‍, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, വനിതകളിലെ ഒന്നാം സീഡ് കരോളിന പ്ലിസ്‌കോവ എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. അതേസമയം, വനിതകളിലെ ആറാം സീഡ് ആഞ്ജലീന കെര്‍ബര്‍ക്ക് ആദ്യവട്ടത്തില്‍ മടക്കം. നദാല്‍ സീഡില്ലാ താരം സെര്‍ബിയയുടെ ദുസാന്‍ ലാജോവിക്കിനെ നേരിട്ടുള്ള സെറ്റില്‍ മടക്കി, സ്‌കോര്‍: 7-6, 6-2, 6-2. ആദ്യ സെറ്റില്‍ മാത്രമാണ് സെര്‍ബിയന്‍ താരത്തിന് നദാലിന് വെല്ലുവിളിയുയര്‍ത്താനായത്. അതേസമയം, റോജര്‍ ഫെഡറര്‍ക്ക് യുഎസിന്റെ ഫ്രാന്‍സസ് തിയഫോയെ മറികടക്കാന്‍ നന്നായി അധ്വാനിക്കേണ്ടിവന്നു, സ്‌കോര്‍: 4-6, 6-2, 6-1, 1-6, 6-4. സ്വിസ് മാസ്റ്ററുടെ പരിചയസമ്പത്ത് മത്സരം അനുകൂലമാക്കി. വനിതകളിലെ ഒന്നാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ തുടര്‍ച്ചയായ സെറ്റില്‍ പോളണ്ടിന്റെ സീഡില്ലാ താരം മഗ്ദ ലിനെറ്റിനെ തോല്‍പ്പിച്ചു, സ്‌കോര്‍; 6-2, 6-1. എന്നാല്‍, ജര്‍മന്‍ താരം കെര്‍ബറുടെ പോരാട്ടം ജപ്പാന്റെ സീഡില്ലാ താരം നവോമി ഒസാക്ക അവസാനിപ്പിച്ചു, സ്‌കോര്‍: 6-3, 6-1. പുരുഷന്മാരിലെ ഭൂരിഭാഗം മത്സരങ്ങളും മൂന്നാം ദിവസത്തേക്ക് മാറ്റിയപ്പോള്‍, വനിതകളില്‍ 12ാം സീഡ് യെലേന ഒസ്റ്റാപെങ്കൊ, 15ാം സീഡ് മാഡിസണ്‍ കീസ്, 23ാം സീഡ് ബാര്‍ബറ സ്‌ട്രൈക്കോവ, യാനിന വിക്‌മെയര്‍, സൊറാന സിര്‍സ്റ്റിയ എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.