ബി നിലവറ: സമവായ പ്രതീക്ഷയെന്ന് അമിക്കസ് ക്യൂറി

Wednesday 30 August 2017 10:20 pm IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ അഭിപ്രായ സമന്വയം ഉണ്ടാകണമെന്നും സമവായ പ്രതീക്ഷയുണ്ടെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് രാജകുടുംബവുമായി ചര്‍ച്ച നടത്തി. മറ്റ് തലങ്ങളിലും ചര്‍ച്ച നടക്കുകയാണ്. തീരുമാനവും നടപടിയും സുതാര്യമായിരിക്കും. എല്ലാ വകുപ്പും പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാരില്‍ നിന്ന് നല്ല പിന്തുണയുണ്ട്. എന്നാല്‍ ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ക്ക് സാധിച്ചിട്ടില്ല. രാജകൊട്ടാരം, രാഷ്ട്രീയനേതൃത്വം, പൊതുസമൂഹം എന്നിവരുടെ അഭിപ്രായം ആരായും. എല്ലാവരുടെയും ഐക്യത്തോടെ മാത്രമേ മുന്നോട്ടു പോകൂവെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ കാര്യമായ ലോപമുണ്ടെന്ന അഭിപ്രായം തെറ്റാണ്. ചെറിയ വിള്ളലുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നടത്തിയ വിശദ പരിശോധനയിലും നേരിയ ലോപം മാത്രമാണ് കണ്ടെത്തിയത്. അത് ഒഴിവാക്കാവുന്നതോ വിദഗ്ദ്ധരെക്കൊണ്ട് ചെറിയ തോതില്‍ പരിഹരിക്കാവുന്നതോ ആണ്. ഈ രംഗത്ത് വൈദഗ്ദ്ധ്യമുള്ള വേഴപ്പറമ്പ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ ഇതിന് ചുമതലപ്പെടുത്തും. മറ്റ് വിഗ്രഹങ്ങളിലും പരിശോധന വേണമെന്ന അഭിപ്രായമുണ്ട്. പരിശോധനയും ആവശ്യമായി വന്നാല്‍ വേഗത്തിലുള്ള അറ്റകുറ്റപണിയും നടത്തുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. തന്റെ സന്ദര്‍ശനം തൃപ്തികരമാണൈന്നും അമിക്കസ് ക്യൂറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.