കതിരൂര്‍ മനോജ് വധം: ജയരാജന്‍ മുഖ്യസൂത്രധാരന്‍

Thursday 31 August 2017 10:12 pm IST

കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ മുഖ്യ ആസൂത്രകനായി സിബിഐ, കോടതിയില്‍ കുറ്റപത്രം നല്‍കി. 25-ാമത്തെ പ്രതിയാണ് ജയരാജന്‍. ആറുപേരെകൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. ഭീകരവിരുദ്ധ നിയമം (യുഎപിഎ) 18-ാം വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് ജയരാജനെതിരെ സിബിഐ കേസെടുത്തത്. സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍, അഞ്ചാം മൈല്‍ കതിരൂര്‍ ബ്രാഞ്ച് കമ്മറ്റിയംഗം റിജേഷ്, കേസിലെ ഒന്നാം പ്രതി വിക്രമന്റെ ബന്ധു മഹേഷ്, ഈസ്റ്റ് കതിരൂര്‍ കുളപ്പുറത്ത്കണ്ടി വീട്ടില്‍ സുനില്‍കുമാര്‍, കതിരൂര്‍ ചുണ്ടങ്ങാപ്പുഴി മംഗലശ്ശേരി വീട്ടില്‍ ഷാജിലേഷ് എന്നിവരാണ് മറ്റ് പ്രതികള്‍. എന്നാല്‍, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കേണ്ട പ്രോസിക്യൂഷന്‍ അനുമതി രേഖകള്‍ ഇല്ലാത്തതിനാല്‍ കുറ്റപത്രം കോടതി മടക്കി. രേഖകളോടൊപ്പം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ആവശ്യമുള്ള രേഖകളോടെ സിബിഐ കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചു. സപ്തംബര്‍ ഏഴിന് കുറ്റപത്രം കോടതി പരിഗണിക്കും. മനോജ് കൊല്ലപ്പെട്ട് മൂന്നു വര്‍ഷം തികയുന്നതിന്റെ തലേന്നാണ് ജയരാജന് കുരുക്ക് മുറുക്കി സിബിഐ അനുബന്ധ കുറ്റപത്രം നല്‍കിയത്. ജയരാജനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. മനോജിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ജയരാജന്‍ നേരിട്ട് പങ്കാളിയാണ്. കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മനോജിനെ വധിച്ചതെന്നും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ നല്‍കിയ അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു. ഭീകരപ്രവര്‍ത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയതിനാണ് യുഎപിഎ 18-ാം വകുപ്പ് ചേര്‍ത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, വധശ്രമം, കൊലപാതകം അടക്കമുള്ള വകുപ്പുകളും സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവുമാണ് കേസ്. മനോജിനോടുള്ള രാഷ്ട്രീയ വിരോധവും വ്യക്തിവൈരാഗ്യവുമാണ് കൊല ആസൂത്രണം ചെയ്യാന്‍ ജയരാജനെ പ്രേരിപ്പിച്ചതെന്ന് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ തയാറെടുപ്പിലും ഗൂഢാലോചനയിലും നടന്ന രാഷ്ട്രീയ കൊലപാതകമാണിത്. 1997 മുതല്‍ ഇതിനു വേണ്ടിയുള്ള ആസൂത്രണം നടന്നു. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍നിന്ന് പോലും നിരവധി ആളുകള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇത് സിപിഎമ്മിന് ക്ഷീണമുണ്ടാക്കി. ബിജെപിയില്‍ ചേര്‍ന്നവര്‍ക്കായി 2014 ആഗസ്റ്റ് 24ന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അഞ്ഞൂറോളം സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഈ തിരിച്ചടിയില്‍നിന്ന് കരകയറാനും, പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം പടര്‍ത്താനുമാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി സിപിഎം ജില്ലാ സെക്രട്ടറിയായ പി. ജയരാജനും ഏറെ ക്ഷീണമുണ്ടാക്കി. ഇതോടെ സംഘപരിവാര്‍ പ്രസ്ഥാനത്തിലെ ജില്ലാതലത്തില്‍ സ്വാധീനമുള്ള ആര്‍എസ്എസ് നേതാവ് മനോജിനെ ലക്ഷ്യമിട്ടു. ഒന്നാംപ്രതി വിക്രമനുമായി ജയരാജന്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. മദ്യത്തിനടിമയായ വിക്രമനെ ജയരാജന്‍ തന്റെ ആവശ്യങ്ങള്‍ക്കായി പല ഘട്ടങ്ങളിലും ഉപയോഗിച്ചിരുന്നതായും സിബിഐ ചൂണ്ടിക്കാട്ടുന്നു. 2014 സപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടത്. കിഴക്കെ കതിരൂരിലെ വീട്ടില്‍നിന്ന് ഇറങ്ങിയ മനോജിനെ വാഹനത്തിനുനേരെ ബോംബ് എറിഞ്ഞ ശേഷം വണ്ടിയില്‍നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.