വ്യാജമദ്യം ഒഴുകുന്നു ജില്ലയില്‍ അതീവ ജാഗ്രത

Thursday 31 August 2017 7:58 pm IST

ആലപ്പുഴ: ഓണക്കാലത്ത് വ്യാജമദ്യം തടയാന്‍ ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 12 വരെ നീളുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കുലര്‍ പുറത്തിറക്കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണു വന്‍ തോതില്‍ സ്പിരിറ്റ് ശേഖരിക്കാന്‍ സാദ്ധ്യതയുള്ളതായി എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്. ഗോവയില്‍ നിന്നു മീന്‍പിടുത്ത ബോട്ടുകളിലും വളളങ്ങളിലും കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രാ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു ട്രെയിനുകള്‍, പാഴ്‌സല്‍ സര്‍വ്വീസ് വാഹനങ്ങള്‍, ട്രക്കുകള്‍, കണ്ടെയ്‌നറുകള്‍ ആഡംബര വാഹനങ്ങള്‍ വഴിയും സ്പിരിറ്റും വ്യാജ വിദേശ മദ്യവും കഞ്ചാവും കേരളത്തില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ ലേബര്‍ ക്യാമ്പുകള്‍ ഇവര്‍ കേരളത്തിലെത്തുന്ന പ്രധാന ട്രെയിനുകള്‍ എന്നിവയും നിരീക്ഷണ പട്ടികയിലുണ്ട്. ഈ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കി. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം വ്യാപകമായി വര്‍ദ്ധിച്ചതായാണ് എക്‌സൈസ് വകുപ്പിന്റെ പഠനങ്ങള്‍ പറയുന്നത്. ലൈസന്‍സുള്ള മദ്യവില്‍പ്പന സ്ഥാപനങ്ങളെയും നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഓണക്കാലത്തെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക ആനുകൂല്യം നല്‍കി മദ്യവില്‍പ്പനയ്ക്കു സാദ്ധ്യതയുണ്ടെന്നും ബാറുകള്‍, ബിയര്‍ പാര്‍ലറുകള്‍, ക്ലബ്ബുകള്‍ കളളുഷാപ്പുകള്‍ എന്നിവ കൃത്യസമയത്തിനു മുമ്പ് തുറക്കുന്നില്ലെന്നും സമയം കഴിഞ്ഞു പ്രവര്‍ത്തിക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി സംസ്ഥാനത്തെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളും പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളും കൂടി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. പ്രവര്‍ത്തന രഹിതമായ വ്യവസായ കേന്ദ്രങ്ങളിലെ ഫാക്ടറികള്‍, തീരദേശമേഖലയില്‍ പൂട്ടിക്കിടക്കുന്ന കയര്‍ സംഘങ്ങളുടെ ഗോഡൗണുകള്‍, കശുവണ്ടി ഫാക്ടറികള്‍, ഉപയോഗശൂന്യമായ കുളങ്ങള്‍, കനാല്‍, പാലങ്ങള്‍, ആളൊഴിഞ്ഞ പുരയിടങ്ങളിലെ കുളങ്ങള്‍, കുറ്റിക്കാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്പിരിറ്റും വ്യാജമദ്യവും ഒളിപ്പിക്കാന്‍ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇവയോടൊപ്പം മുപ്പതോളം ഓണക്കാല ജലോത്സവങ്ങള്‍ നടക്കുന്ന വിവിധ ജില്ലകളിലെ ചില പഞ്ചായത്തുകളും കര്‍ശന നിരീക്ഷ ണത്തിലാക്കണമെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റെ വിഭാഗം നിര്‍ദ്ദേശം നല്‍കി. വാഹനപരിശോധന നടത്തുമ്പോള്‍ യാത്രക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകളായ യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്. എന്നാല്‍ സംശയം തോന്നുന്ന വാഹനങ്ങളുടെ സാധനങ്ങള്‍ സൂക്ഷിക്കുന്ന അറകള്‍ അടക്കം കര്‍ശനമായി പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.