പിണറായി മൂന്നാംകിട രാഷ്ട്രീയക്കാരന്‍: എംജിഎസ്

Friday 1 September 2017 11:26 am IST

കൊച്ചി: പതിനൊന്ന് അഭിമുഖങ്ങള്‍, മൂന്നു ചര്‍ച്ചകള്‍, 15 കഥകള്‍, 30 കവിതകള്‍.... നാലുഭാഗങ്ങളില്‍ തൊള്ളായിരത്തിലേറെ പേജില്‍ ജന്മഭൂമിയുടെ ഓണപ്പതിപ്പ് പുറത്തിറങ്ങി. ഈ വര്‍ഷത്തെ മാത്രമല്ല, ഇതുവരെയിറങ്ങിയ ഓണപ്പതിപ്പുകളില്‍ ചരിത്രസംഭവമാകും ഈ പ്രസിദ്ധീകരണം. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ പേരുകളിലാണ് നാലുഭാഗങ്ങള്‍. ആറ് കേന്ദ്രങ്ങളില്‍ പ്രമുഖര്‍ പതിപ്പ് പ്രകാശനം ചെയ്തു. 150 രൂപയാണ് വില. പ്രധാന ബുക്ക് സ്റ്റാളുകളില്‍ ലഭ്യമാണ്. മെട്രോമാന്‍ ഇ. ശ്രീധരനും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഐപിഎസ്സും തമ്മില്‍ നടന്ന ദീര്‍ഘസംഭാഷണമാണ് ഓണപ്പതിപ്പിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. അഴിമതി, ഭരണസംവിധാനം, സാങ്കേതികവിദ്യ, സാമൂഹ്യസ്ഥിതി തുടങ്ങി ഇവരുടെ സംവാദത്തില്‍ വരാത്ത വിഷയങ്ങളില്ല. ആഴത്തിലുള്ള ചര്‍ച്ചയില്‍ രാജ്യത്ത് നിലനില്‍ക്കുന്ന സംവരണം വെറും രാഷ്ട്രീയ കളിയാണെന്നും അവസാനിപ്പിക്കേണ്ടതുമാണെന്ന ഇ. ശ്രീധരന്റെ നിരീക്ഷണം ശ്രദ്ധേയം. ഡോ. എം.ജി.എസ്. നാരായണനും ഡോ. ജി. പ്രഭയും തമ്മിലുള്ള നീണ്ട സംഭാഷണമാണ് മറ്റൊന്ന്. ചരിത്രത്തിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടി, രാഷ്ട്രീയ സാമുഹ്യ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്ന സംഭാഷണത്തില്‍ എംജിഎസ്, രാഹുല്‍ഗാന്ധിയേയും പിണറായി വിജയനേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. പിണറായി മൂന്നാംകിട രാഷ്ട്രീയക്കാരനാണെന്നാണ് എംജിഎസ് പറയുന്നത്. ഋഷിരാജ് സിങ് ഐപിഎസ്, അനുപമ ഐഎഎസ്, ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്, ടി.പി. സെന്‍കുമാര്‍ ഐപിഎസ് എന്നിവരുമായുള്ള സംഭാഷണം ഏറെ ചര്‍ച്ച ചെയ്യപ്പെടും. മലയാള സിനിമയെ വിലയിരുത്തിയുള്ള ഋഷിരാജ് സിങിന്റെ അഭിപ്രായങ്ങള്‍ ഏറെ ആഴത്തിലുള്ളതാണ്. ലൗ ജിഹാദും ജനസംഖ്യാ അസന്തുലിതാവസ്ഥയും സംബന്ധിച്ചു മാത്രമല്ല, ഭരണസംവിധാനത്തിന്റെയും സാമുഹ്യസംവിധാനത്തിന്റെയും പുനക്രമീകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സെന്‍കുമാര്‍ പങ്കുവെക്കുന്നു. പ്രസിദ്ധ സംഗീതജ്ഞന്‍ ഡോ. ശ്രീവല്‍സന്‍ ജെ. മേനോനുമായുള്ള സംഭാഷണം. സംഗീതലോകത്തെ അറിയെപ്പടാത്ത പലതും മേനോന്‍ വിവരിക്കുന്നു. സംഗീതചികിത്സയെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത പരീക്ഷണമാണെന്ന് മേനോന്റെ അഭിപ്രായം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കപിലവേണു, മാധ്യമപ്രവര്‍ത്തക ശ്രീകല, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരും അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്നു. കെ. കരുണാകരനോടൊപ്പം ഔദ്യോഗിക ജീവിതം നയിച്ച ഐഎഎസുകാരനായ കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് വിവരിക്കുന്ന 'അറിയപ്പെടാത്ത ലീഡര്‍' എന്ന ലേഖനത്തിലെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയവിവാദമാകും. പത്മജയും മുരളീധരനും തമ്മില്‍ പിണങ്ങിയതെന്തിന്? നരസിംഹറാവുവിനെ രക്ഷിച്ച കരുണാകരനെ റാവു ചതിച്ചതെങ്ങനെ...? അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പലതും. കലാനിലയം നാടകക്കമ്പനിയുടെ കഥയും ഉദയായെന്ന സിനിമാക്കമ്പനിയുടെ കഥയും വായിക്കാം സുദീര്‍ഘമായി. കലാരംഗത്തെ അധിപതിയായ ജയരാജ് വാര്യരുമായി അഭിമുഖം, വാര്യരുടെ കാരിക്കേച്ചര്‍ എന്നിവയുമുണ്ട്. കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ ഇന്നലെ എന്തായിരുന്നു, ഇന്ന് എന്ത്, നാളെ എങ്ങനെ-മുപ്പതുവര്‍ഷം മുമ്പ് പി. മാധവ്ജി എഴുതിയത് എന്താണ്? ജനസംഘത്തിന്റെ കേരളചരിത്രം എന്ത്, എങ്ങനെ, ആരൊക്കെ പി. നാരായണന്‍ വിവരിക്കുന്നു. കമ്മ്യൂണിസത്തിന്റെ കേരള ഭാവിയെക്കുറിച്ച് കെ. കുഞ്ഞിക്കണ്ണന്‍ വിചിന്തനം ചെയ്യുന്നു. മൂന്നു സുപ്രധാന വിഷയങ്ങളിലുള്ള ചര്‍ച്ച ഓണപ്പതിപ്പിന്റെ ഗാംഭീര്യം കൂട്ടുന്നു. കമ്മ്യൂണിസത്തിന്റെ പ്രസക്തിയാണ് ഒന്ന്. എന്‍.പി. രാജേന്ദ്രന്‍, എന്‍.എം. പിയേഴ്‌സണ്‍, കെ.എന്‍.എ. ഖാദര്‍, അഡ്വ. സജി നാരായണന്‍, എം. സതീശന്‍ എന്നിവര്‍ തുറന്നടിക്കുന്നു. മാധ്യമചര്‍ച്ചയില്‍ വിചാരണ ചെയ്യപ്പെടുന്നത് ടെലിവിഷന്‍ ചാനലുകളാണ്. ബി.ആര്‍.പി. ഭാസ്‌ക്കര്‍, ഡോ. പി. ഗീത, ഭാഗ്യലക്ഷ്മി, ടി.ജി. മോഹന്‍ദാസ് എന്നിവര്‍ വിശകലനം ചെയ്യുന്നു. വിമര്‍ശനങ്ങള്‍ക്ക് അതീതമോ കോടതികളെന്ന ചര്‍ച്ചയില്‍ ജസ്റ്റിസ് കെ.ടി. തോമസ്, അഡ്വ. കെ. രാംകുമാര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി. രാജന്‍ എന്നിവരുടെ നിര്‍ണ്ണായക വിധിയെഴുത്തുകള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിമുഖം, സ്വാമി ഭൂമാനന്ദതീര്‍ത്ഥരുടെ കാഴ്ചപ്പാട് അവതരണം, കഥാകൃത്ത് ടി. പത്മനാഭന്റെ നിലപാടുകള്‍ പറയല്‍ എന്നിവ ഏറെ ശ്രദ്ധേയമാകുന്നു. എം.ടി. വാസുദേവന്‍ നായരുെട രണ്ടാമൂഴത്തെ വിമര്‍ശനവിധേയമാക്കുന്നു. വി.സി. ശ്രീജന്‍, പ്രൊഫ. ടി.പി. സുധാകരന്‍, റഫീക്ക് അഹമ്മദ്, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരുടെ കര്‍ക്കശനിരൂപണങ്ങള്‍. ആനിമേഷന്‍ രംഗത്തെ മലയാളി മേല്‍ക്കോയ്മയെക്കുറിച്ച് ജയന്‍ രാജന്‍, നൃത്തലോകത്തെ വിസ്മയമായ അലമേര്‍വള്ളിയെക്കുറിച്ച് വി. കലാധരന്‍ എന്നിവരുടെ എഴുത്ത്. കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണിലൂടെ ആനുകാലിക ഓണംകണ്ട് കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്, കാര്‍ട്ടൂണ്‍ ലോകത്തെ കുലപതി ജി. അരവിന്ദനെക്കുറിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വിലയിരുത്തല്‍... ടി.കെ. ശങ്കരനാരായണന്റെ ഭാവോജ്ജ്വലമായ നോവലെറ്റ്-വിശ്വംഭവതിയും കേരളത്തിലെ ഓണക്കാല രചനകളില്‍ മികച്ച 20 കഥകളില്‍ ഉള്‍പ്പെട്ടേക്കാവുന്ന 14 കഥകള്‍, മഹാകവി അക്കിത്തം ഉള്‍പ്പെടെ മുപ്പതോളം കവികളുടെ ശ്രദ്ധേയ കവിതകള്‍.... യുവജനങ്ങളുടെ നിലപാടും നിലയും വെളിപ്പെടുത്തുന്ന പ്രത്യേക വിഭാഗം യുവലോകം നവകോലം ആകര്‍ഷകമാണ്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുത്ത കഥകളും കവിതകളും ജന്മഭൂമി ഓണപ്പതിപ്പിനെ വേറിട്ടതാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.