സപ്ലൈകോയില്‍ പച്ചക്കറിയില്ല; ഓണവിപണി പൊള്ളുന്നു

Thursday 31 August 2017 9:10 pm IST

  കട്ടപ്പന: ഓണം-ബക്രീദ് ആഘോഷ വേളയില്‍ പച്ചക്കറി വില്‍പനയില്‍ നിന്ന് സപ്ലൈകോ വിട്ടു നിന്നത് സാധാരണ ജനങ്ങളക്ക് തിരിച്ചടിയായി. കൃഷിവകുപ്പ് വിഎഫ്പിസികെ മുഖാന്തിരം പച്ചക്കറി സ്റ്റാളുകള്‍ തുറക്കുന്നുണ്ടെന്ന ന്യായം പറഞ്ഞാണ് സപ്ലൈകോ ലാഭം മാര്‍ക്കറ്റ് മുഖാന്തിരം പച്ചക്കറി വില്‍പന സര്‍ക്കാര്‍ ഇക്കുറി വേണ്ടെന്നുവെച്ചത്. ഇതുമൂലം പൊതുവിപണിയിലെ പൊള്ളുന്ന വിലകൊടുത്ത് പച്ചക്കറി വാങ്ങേണ്ട സ്ഥിതിയാണ്. കൊടുംവേനലിന് പിന്നാലെ കാലവര്‍ഷം കൂടി ചതിച്ചതോടെ പച്ചക്കറി ഉദ്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ഇതു തന്നെ അവസ്ഥ. അത്‌കൊണ്ടു തന്നെ ഓണക്കാല വിപണിയില്‍ വന്‍ വിലക്കയറ്റത്തിനിടയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കഴിഞ്ഞ തവണ 1,350 ഔട്‌ലെറ്റുകള്‍ ഉണ്ടായിരുന്നു. സംസ്ഥാനതലത്തില്‍ ഹോര്‍ട്ടികോര്‍പ്പിന് ഇത്തവണ 1,500 വിപണന കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. വട്ടവട കാന്തള്ളൂര്‍ മേഖലില്‍ നിന്നടക്കം 6500 ടണ്‍ പച്ചക്കറി ഓണക്കാലത്ത് പ്രാദേശികമായി സംഭരിക്കാമെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ആവശ്യമുള്ള 57 ഇനങ്ങളില്‍ 20 ല്‍താഴെ പച്ചക്കറി മാത്രമെ കേരളത്തില്‍ പൂര്‍ണ്ണമായും ഉദ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി സംസ്ഥാനത്തിന് പുറത്തെ കര്‍ഷക കൂട്ടായ്മകളില്‍ നിന്നോ ഉദ്പാദന കേന്ദ്രത്തില്‍ നിന്ന് നേരിട്ടോ വാങ്ങാനാണ് നിര്‍ദ്ദേശം. ആഘോഷ വേളകളില്‍ എല്ലാ വര്‍ഷവും മാര്‍ക്കറ്റ് വിലയുടെ 20 ശതമാനം സബ്‌സിഡിയോടെ ലാഭം മാര്‍ക്കറ്റുകളിലൂടെ സപ്ലൈകോ പച്ചക്കറികള്‍ ലഭ്യമാക്കിയിരുന്നു. ഇത് ഓണക്കാലത്ത് ജനങ്ങള്‍ക്ക് വളരെ ആശ്വാസമായിരുന്നു. സപ്ലൈകോ മാര്‍ക്കറ്റുകള്‍ വിലകുറച്ച് വില്‍പ്പന നടത്തിയിരുന്നത് മൂലം സ്വകാര്യവ്യാപാരികള്‍ ആഘോഷകാലത്ത് കൊള്ളലാഭം നേടുന്നത് ഒരു പരിധി വരെ ഒഴിവാക്കപ്പെട്ടിരുന്നു. കഴിഞ്ഞകാലങ്ങളിലും കൃഷിവകുപ്പിന്റെ പച്ചക്കറി വില്‍പ്പനശാലകള്‍ ഉണ്ടായിരുന്നെങ്കിലും ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് ലഭിച്ചിരുന്നില്ല. കൃത്യമായ ശേഖരണവും വിപണിയും നടത്താനുള്ള പരിചയക്കുറവ് കൃഷിവകുപ്പ് സ്റ്റാളുകളെ ബാധിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.