ഈ നാട്

Thursday 31 August 2017 9:23 pm IST

കണക്കുബുക്ക് മറിച്ചു നോക്കി-കഴിഞ്ഞ ആഗസ്റ്റില്‍ അരി വാങ്ങിയത് 10 കിലോ 266 രൂപ. ഇന്നത് 375. പച്ചക്കറി കടയ്ക്കു പുറമേനിന്നു വില ചോദിച്ചിട്ടു തിരിച്ചുപോന്നു. വേണ്ട, വീട്ടില്‍ താളും തകരയുമുണ്ട്. നാളെയൊരു കല്യാണം-തിരുവനന്തപുരത്തു പോകണം, എന്തെങ്കിലും കൊടുക്കണം. ഒപ്പം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ കഴിഞ്ഞുകിടക്കുന്ന കാരണവരെ കാണണം. ആയകാലത്ത് ഒരു പാടു സഹായിച്ചയാളാണ്. വയ്യാതെ കിടക്കുമ്പോഴല്ലേ പ്രത്യുപകാരം ചെയ്യേണ്ടത്? അഞ്ചുലക്ഷം പലരോടും കടം മേടിച്ച് മെഡിക്കല്‍ അഡ്മിഷനുപോയ ഗോപാലന്‍ ചേട്ടന്റെ ചെക്കന്റെ കാര്യവും തിരക്കണം. കയ്യില്‍ കാശില്ല. പെന്‍ഷന്‍ വന്നിട്ടില്ല. കെഎസ്ആര്‍ടിസി പെന്‍ഷണറാണേ. എടിഎമ്മില്‍ ബാലന്‍സ് എന്‍ക്വയറിയാണ് കുറെക്കാലമായി പണി. പെന്‍ഷന്‍ മുടങ്ങില്ലെന്നെഴുതിത്തന്നു വോട്ടു മേടിച്ചു ഭരണത്തില്‍ കയറിയവരാണ്. ചോദിച്ചാല്‍, ബിജെപിക്കാരനാണെങ്കില്‍ മറുചോദ്യം-നിങ്ങടെ മോദിയെന്താ താരത്തേ? അദ്ദേഹം എവിടെയോ പ്രസംഗിച്ചുവത്രേ, ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ അമ്പതിനായിരം വീതം ഇടുമെന്ന്! (കള്ളപ്പണത്തിന്റെ വലിയ കണക്ക്) എന്‍ഡിഎയുടെ പ്രകടന പത്രികയിലൊന്നും അതില്ല കെട്ടോ. അതെടുത്തിട്ടാണ് പെരുമാറുന്നത്! ആര്? മുടക്കില്ലെന്ന് പ്രകടനപത്രികയിലെഴുതിത്തന്നിട്ട് മുടക്കിപ്പറ്റിച്ച വല്യമന്തന്മാര്‍. പറഞ്ഞിട്ടെന്തു കാര്യം, ഓരോന്നായി ശരിയാക്കുകയല്ലേ? നാളത്തെ കാര്യമോര്‍ത്തിട്ടാണ് ഈയുള്ളവന്റെ ടെന്‍ഷന്‍. റോഡുവക്കില്‍ സന്ധ്യാ സവാരിക്കിറങ്ങിയ മൊബൈല്‍ കുത്തികളായ അഞ്ചാറു ഫ്രീക്കന്മാര്‍ ബൈക്കും ചാരി നില്‍ക്കുന്നുണ്ട്. തര്‍ക്കമാണ്- എടാ, പള്‍സര്‍ സുനിക്ക് മീശ കിളുര്‍ക്കാത്തതാണോ അതോ ഡെയ്‌ലി ഷേവാണോ? ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സമസ്യ-ചാനലിലെ അന്തിച്ചര്‍ച്ചപോലെ ഫ്രീക്കന്മാരുടെ ബഹളം രൂക്ഷമാവുന്നു. ഓണപ്പരീക്ഷയൊന്നും അതുങ്ങള്‍ക്കൊരു വിഷയമല്ല. ശരിയല്ലേ, ഈ ഓണക്കാലത്തും ഉത്തരം കിട്ടാത്ത പ്രഹേളികയായി തുടരുകയല്ലേ പള്‍സര്‍ സുനിയുടെ മീശ. നിരത്തിനിരുവശവും വീടുകളിലൊക്കെ ഉച്ചത്തില്‍ ടിവി തുറന്നുവച്ചിരിക്കുന്നു. വിഷയത്തിന്റെ അഗാധതയിലേക്കിറങ്ങിയുള്ള ആങ്കര്‍മാരുടെ കടുകടുപ്പന്‍ ചോദ്യങ്ങള്‍..''അങ്ങനെയായിരുന്നെങ്കില്‍ ഇങ്ങനെയായിരുന്നേനെ''യെന്ന് പാനലിസ്റ്റ് സര്‍വ്വജ്ഞന്മാര്‍! ആകാശത്തേക്ക് വെടിവച്ചാല്‍ ഉണ്ട താഴോട്ടുവീഴുമെന്ന് ബുദ്ധിജീവികളുടെ വിലയിരുത്തല്‍! മീശ കിളുര്‍ക്കാറായിട്ടില്ലെന്ന് സഹസിനിമാക്കാര്‍. അല്ല, വകുപ്പ് 12 ഉം 13 ഉം 14 ഉം അനുസരിച്ച് ജയിലില്‍ ഷേവിങ് സെറ്റ് ഉപയോഗിക്കാമെന്ന് ക്രിമിനില്‍ നിയമമുദ്ധരിച്ച് വക്കീലന്മാര്‍...എത്രയും പെട്ടെന്ന് വീട്ടിലെത്തിയാല്‍ മതിയായിരുന്നു, അരിയുടെ ഭാരമറിഞ്ഞില്ല, ആകാംക്ഷകൊണ്ട് എന്റെ കാലുകള്‍ക്ക് വേഗത കൂടി... ചര്‍ച്ച തീര്‍ന്നാലോ? ഇടവഴിചാടി വീട്ടിലെത്തി. ഭാഗ്യം, ഭാര്യ ടിവി വെച്ചിട്ടുണ്ട്. ഉമ്മറത്തിരുന്ന സന്ധ്യാദീപം കരിന്തിരി കത്താന്‍ തുടങ്ങിയത് അവളറിഞ്ഞിട്ടില്ല. ഞാന്‍ കയറിച്ചെല്ലുന്നതുപോലും! ടിവിയില്‍ പള്‍സര്‍ സുനി കത്തി നില്‍ക്കുന്നു. ആഴത്തിലിറങ്ങിയുള്ള (തെരഞ്ഞെടുപ്പ് കാലത്ത് നികേഷ് കുമാര്‍ കിണറ്റിലിറങ്ങിയതുപോലെയല്ല) ആങ്കര്‍മാരുടെ ഗര്‍ജ്ജനങ്ങളും അതിഗംഭീരമായ പാനലിസ്റ്റ് വിശകലനങ്ങളും....! അരിസഞ്ചി തറയിലേക്കിട്ടു, ദെ കെടക്കണു. കൂട്ടാനില്ലെങ്കില്‍ ചോറ് വെറുതെ വാരിത്തിന്നാം. നാളെ കല്യാണത്തിനു പോയില്ലെങ്കിലെന്താ? പെന്‍ഷന്‍ പോനാല്‍ പോകട്ടും പോടാ.... കാരണവര്‍ ചത്താല്‍ ശവമടക്കിനു പോകാം. പോരേ? മെഡിക്കല്‍പ്പയ്യന് അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ എനിക്കെന്തു ചേതം? ഇപ്പോള്‍ പള്‍സര്‍ സുനിയുടെ മീശയാണ് എന്റെ പ്രശ്‌നം. ടിവിയുടെ മുന്‍പിലിരുന്നപ്പോള്‍ എല്ലാം മറന്നു, എന്തൊരാശ്വാസം! -പിണറായി സത്യപ്രതിജ്ഞ ചെയ്തത് നല്ല സമയത്താണ്.... -പള്‍സര്‍ സുനിയാണ് ഈ വീടിന്റെ ഐശ്വര്യം!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.