കേരളത്തിലെ ആദ്യ വനിതാ മറൈന്‍ എഞ്ചിനീയറായി നിള

Thursday 31 August 2017 11:05 pm IST

കളമശേരി: കേരളത്തിലെ ആദ്യ വനിതാ മറൈന്‍ എഞ്ചിനീയര്‍ എന്ന ബഹുമതിയുമായി നിള ജോണ്‍ ലക്ഷദ്വീപിലെ കടല്‍ത്തിരയിലേക്ക്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ മറൈന്‍ എഞ്ചിനീയറിംഗ് ബിരുദം നേടുന്ന ആദ്യ വനിതയെന്ന റിക്കോര്‍ഡ് നേട്ടത്തോടൊപ്പമാണ് സംസ്ഥാന ചരിത്രത്തിലെ വനിതാ മുന്നേറ്റങ്ങളുടെ പട്ടികയിലും നിള ഇടം നേടിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലും ആദ്യമായാണ് ഒരു വനിത തൊഴില്‍ മേഖലയില്‍ എത്തുന്നുവെന്ന പ്രത്യേകതയും നിളയ്ക്ക് സ്വന്തം. കാസര്‍കോഡ് ബദിയടുക്ക സ്വദേശിനിയായ നിള എഞ്ചിനീയറിംഗ് കോഴ്‌സുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുമ്പോഴാണ് കുസാറ്റിലെ ഈ കോഴ്‌സിനെക്കുറിച്ചറിയുന്നത്. ആണ്‍ കുട്ടികള്‍ മാത്രം പങ്കെടുക്കുന്ന മറൈന്‍ എഞ്ചിനീയറിംഗ് കോഴ്‌സിനെ വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തയാറാവുകയായിരുന്നു. 2004 ല്‍ ആരംഭിച്ച ഈ കോഴ്‌സില്‍ 4 വര്‍ഷം മുമ്പാണ് നിള കുസാറ്റ് കാമ്പസില്‍ എത്തുന്നത്. ദേശീയ എന്‍ട്രന്‍സ് പരീക്ഷയിലൂടെ പ്രവേശനം ഉറപ്പാക്കിയപ്പോഴും അധ്യാപക ദമ്പതിമാരായ ജോണും ഷേര്‍ളിയും ഏക സഹോദരിയും ബന്ധുക്കളും ആദ്യഘട്ടത്തില്‍ അനുകൂല നിലപാടല്ല എടുത്തത്. കപ്പലുകളുടെ എഞ്ചിന്‍ കൈകാര്യം ചെയ്യാനുള്ള വൈദഗ്ദ്യത്തെക്കാളുപരി കടല്‍ ജീവിതം ഒരു പെണ്‍കുട്ടിക്കാകുമോയെന്ന ആശങ്കയായിരുന്നു പലര്‍ക്കും. നിളയ്ക്ക് പുഴയോടല്ല പകരം പുഴ ഒഴുകിയെത്തുന്ന കടലിനോടാണാഭിമുഖ്യമെന്ന് കാലം തെളിയിക്കുകയായിരുന്നു. നാലു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കാന്‍ നിരവധി കടമ്പകള്‍ താണ്ടിയാണ് നിള എഞ്ചിനീയറാകുന്നത്. ഇപ്പോള്‍ നിളയെ കൂടാതെ എട്ട് പെണ്‍കുട്ടികളും കോഴ്‌സില്‍ ജൂനിയറായുണ്ട്. അവര്‍ക്ക് താങ്ങായും തണലായി നിള മാറിയെന്നും 'പിന്‍ഗാമികള്‍ ' സാക്ഷ്യപ്പെടുത്തുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിള ലക്ഷദ്വീപിലെ സേവനത്തിനാണ് ജോലിയില്‍ പ്രവേശിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.