യാത്രാദുരിതത്തിന് അറുതി; ഏനാത്ത് പാലം തുറന്നു

Friday 1 September 2017 12:07 pm IST

കൊട്ടാരക്കര: എട്ട് മാസമായി എംസി റോഡുവഴിയുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് അന്ത്യം കുറിച്ച് ഏനാത്ത് പാലം വഴി വീണ്ടും വാഹനങ്ങള്‍ ഓടിതുടങ്ങി. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്രാക്ലേശം അനുഭവിക്കുന്ന സമയത്ത് തന്നെ പാലം തുറന്നുകൊടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തികരിച്ച ഇ.കെ.കെ കമ്പനി, മേല്‍നോട്ടം വഹിച്ച പൊതുമരാമത്ത് മന്ത്രി, കെഎസ്ടിപി, ഡോ:അരവിന്ദന്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പണി വേഗത്തിലാക്കാന്‍ സഹായകമായത്. ഇടയ്ക്കിടെ പെയ്ത മഴ നിര്‍മ്മാണത്തെ അല്പമൊന്ന് തളര്‍ത്തിയെങ്കിലും നിര്‍മാണം മഴയ്ക്ക് ശേഷം കൂടുതല്‍ വേഗത്തിലായി. നിര്‍മ്മാണത്തിലും ബലക്ഷയം വിലയിരുത്തുന്നതിലും പോംവഴി കണ്ടെത്തുന്നതിലും മാര്‍ഗദര്‍ശിയായ ചെന്നൈ ഐഐടിയില്‍ നിന്നും വിരമിച്ച പാലങ്ങളുടെ വിദഗ്ദനായ ഡോ:പി.കെ.അരവിന്ദന്‍ നാട്ടുകാരുടേയും മന്ത്രിയുടേയും പ്രശംസ പിടിച്ചുപറ്റി. ജനുവരി 14ന് ആദ്യ പരിശോധന നടത്തി. അതില്‍ പാലത്തിന്റെ അടിഭാഗത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കാല്‍നട പോലും നിരോധിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം വന്നത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ ജനുവരി 19ന് ബലപ്പെടുത്തലിനാവശ്യമായ ഡിസൈന്‍ തയ്യാറാക്കി നല്‍കി. ഈ ഡിസൈന്‍ പ്രകാരമാണ് പണി പൂര്‍ത്തിയാക്കിയത്. ബലക്ഷയം സംഭവിച്ച പാലം പൂര്‍ണമായി പൊളിച്ചുമാറ്റി പുതിയ പാലം വേണമെന്ന മുറവിളി ഉയര്‍ന്നപ്പോഴും ഡോ:അരവിന്ദനാണ് പാലം ഇതേപടി നിലനിര്‍ത്തി ബലക്ഷയം സംഭവിച്ച തൂണുകള്‍ മാറ്റിസ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് മറ്റ് രണ്ട് തൂണുകളും ബലപ്പെടുത്തിയത്. ഓണതിരക്ക് സമയത്ത് തന്നെ പാലം തുറക്കാന്‍ കഴിഞ്ഞത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വലിയ അനുഗ്രഹമായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.