പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരബന്ധം: കേന്ദ്രം റിപ്പോര്‍ട്ട് തേടി

Friday 1 September 2017 11:59 pm IST

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐബിയോട് റിപ്പോര്‍ട്ട് തേടി. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള ആസൂത്രിത മതംമാറ്റങ്ങളിലും ഐഎസ് റിക്രൂട്ട്‌മെന്റിലും സംഘടനയുടെ ബന്ധം വ്യക്തമായ സാഹചര്യത്തിലാണിത്. ഫ്രണ്ടിനെ നിരോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ട്. കശ്മീര്‍ റിക്രൂട്ട്‌മെന്റ്, പാനായിക്കുളം, വാഗമണ്‍ സിമി ക്യാമ്പുകള്‍, നാറാത്ത് കേസ്, അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം തുടങ്ങിയ കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര ബന്ധം വെളിപ്പെട്ടിരുന്നു. എന്നാല്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അക്കാലത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിച്ചു. അടുത്തിടെ ഐഎസ് റിക്രൂട്ട്‌മെന്റ്, വൈക്കം സ്വദേശി അഖിലയുടെ മതംമാറ്റം എന്നിവയിലെ എന്‍ഐഎ അന്വേഷണത്തിനിടയില്‍ ഫ്രണ്ടിനെതിരെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് അഖിലയുടെ മതംമാറ്റം എന്‍ഐഎ അന്വേഷിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, മഞ്ചേരി സത്യസരണി, വനിതാ നേതാവ് സൈനബ തുടങ്ങിയവര്‍ ആസൂത്രിത മതംമാറ്റത്തിന് നേതൃത്വം നല്‍കുന്നതായി എന്‍ഐഎ കണ്ടെത്തി. മതംമാറ്റത്തിന് ദവാ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതായി പോലീസും റിപ്പോര്‍ട്ട് നല്‍കി. കേരളത്തില്‍നിന്നും ഐഎസ്സില്‍ ചേര്‍ന്നവരില്‍ പതിനഞ്ച് പേര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. നിരവധിയാളുകളെ ഐഎസ്സിലെത്തിക്കാനും ഇവര്‍ പ്രവര്‍ത്തിച്ചു. ഖത്തറില്‍നിന്നും ഇതിനായി വന്‍തോതില്‍ പണമൊഴുകിയതിന്റെ വിവരങ്ങളും ആഭ്യന്തര മന്ത്രാലയം ശേഖരിച്ചു. ദല്‍ഹി പോലീസ് അറസ്റ്റു ചെയ്ത ഐഎസ് ഭീകരന്‍ ഷാജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ ഷാജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും സജീവ പ്രവര്‍ത്തകനാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാവായ സമീറാണ് പ്രവര്‍ത്തകരായ ഷജിലിനും മനാഫിനുമൊപ്പം ഐഎസ്സില്‍ ചേരാന്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് ഇയാള്‍ മൊഴി നല്‍കി. സമീര്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തിയിരുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്ത സഫ്‌വാനുമായും പിഎഫ്‌ഐക്ക് ബന്ധമുണ്ട്. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ഐഎസ്സില്‍ ചേര്‍ന്നത് കേരളത്തില്‍നിന്നാണ്. എണ്‍പതോളം മലയാളികള്‍ ഐഎസ്സിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.