ആനവിരട്ടിയിലെ അനധികൃത നിര്‍മ്മാണം തടഞ്ഞു

Saturday 2 September 2017 12:26 am IST

ഇടുക്കി: ആനവിരട്ടി വില്ലേജില്‍ കമ്പിലൈനിലും കല്ലാറിലുമുള്ള അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം ജന്മഭൂമി ഇത് സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയെത്തുടര്‍ന്ന് ദേവികുളം സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആനവിരട്ടി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തി നിര്‍മ്മാണം നിര്‍ത്തിച്ചു. മൂന്ന് കെട്ടിടം പണികളാണ് തടഞ്ഞത്. നിര്‍മ്മാണ സാമഗ്രികളും റവന്യൂ സംഘം പിടിച്ചെടുത്തു. കോണ്‍ഗ്രസ് വനിത നേതാവിന്റെ മക്കള്‍ രണ്ടിടത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസ് കേസ് നിലനിന്നിട്ടും നിര്‍മ്മാണം തുടരുകയായിരുന്നു. മറ്റൊരു ഭാഗത്ത് കോട്ടയം സ്വദേശി ബെന്നി എന്‍ഒസിയില്ലാതെ കെട്ടിടം നിര്‍മ്മിച്ചിരുന്നു. ഇതും അവസാനിപ്പിച്ചു. അനവിരട്ടി വില്ലേജില്‍ അനധികൃത കെട്ടിട നിര്‍മ്മാണം വ്യാപകമായിട്ടും ചിലര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. നിയമ ലംഘനം നടക്കുന്നിടത്ത് ചെന്നെത്താന്‍ വാഹനമില്ലാത്തതിനാലാണ് നടപടികള്‍ വൈകുന്നതെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ദേവികുളം സബ് കളക്ടറുടെ ഓഫീസില്‍ നിന്നും വിട്ട് നല്‍കിയ വാഹനത്തിലാണ് റവന്യൂ സംഘം പരിശോധനയ്ക്കായി എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.