ജിഎസ്ടി ഏകീകരിക്കും; മരുന്നു വില കുറയും

Saturday 2 September 2017 10:08 pm IST

ന്യൂദല്‍ഹി: മരുന്നുകളുടെ ചരക്ക് സേവന നികുതി ഏകീകരിച്ച് അഞ്ചു ശതമാനമാക്കിയേക്കും. അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ ഇതിനുള്ള തിരുമാനം ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജിഎസ്ടി ഏകീകരിച്ചാല്‍ അവശ്യ മരുന്നുകളുടെയടക്കം വില ഗണ്യമായി കുറയും. ഇതിനു പുറമേ വളരെയേറെ വിലക്കുറവുള്ള ജനറിക് മരുന്നുകള്‍ വ്യാപകമാകുക കൂടി ചെയ്താല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. നേരത്തെ അവശ്യമരുന്നുകള്‍ക്ക് കൂടിയ വിലയായിരുന്നു. ചരക്കു സേവന നികുതി വന്നതോടെ ഇത് 12 ശതമാനമായി കുറച്ചു. ഇന്‍സുലിനും മറ്റു ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും നികുതി ജിഎസ്ടി കുറച്ച് അഞ്ചു ശതമാനമാക്കിയിരുന്നു. അവശ്യ മരുന്നു വില ഇനിയും കുറയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍ ഇത് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറയ്ക്കാനാണ് നിര്‍ദ്ദേശം. നികുതി കുറയ്ക്കാനുള്ള അധികാരം ജിഎസ്ടി കൗണ്‍സിലിനാണ്. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ രണ്ടു തട്ടുകളിലുള്ള നികുതി അഞ്ചുശതമാനമാക്കി ഏകീകരിച്ചേക്കും. ചികിത്സാച്ചെലവ് കുറയ്ക്കാനും ആശുപത്രികളുടെ കൊള്ള തടയാനും കേന്ദ്രം അടുത്തിടെ ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്‌റ്റെന്റുകളുടെയും മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കൃത്രിമ മുട്ടുകളുടെയും വില വെട്ടിക്കുറച്ചിരുന്നു. ചരക്കു സേവന നികുതി നടപ്പാക്കുന്നത് കേന്ദ്രം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ധനസഹമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാലുടന്‍ അവ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.