അജൈവ മാലിന്യ ശേഖരണം: ഒക്‌ടോബറോടെ തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സംവിധാനം

Sunday 3 September 2017 4:58 pm IST

കണ്ണൂര്‍: എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും അജൈവ മാലിന്യ ശേഖരണത്തിനായി ഒക്‌ടോബര്‍ മാസത്തോടെ സ്ഥിരം സംവിധാനമൊരുങ്ങും. ഇതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രാദേശികമായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകളോ സ്വയം സഹായ സംഘങ്ങളോ ഉണ്ടെങ്കില്‍ അവയില്‍ നിന്നോ സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍ എന്നിവയില്‍ നിന്ന് നേരിട്ട് താല്‍പര്യപത്രം ക്ഷണിച്ചോ ഹരിതകേരളം കര്‍മ്മ സേനയെ കണ്ടെത്താമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഹരിത കര്‍മ്മസേനയുടെ വലുപ്പം, അവയുടെ ആസ്ഥാനം, യൂണിഫോം തുടങ്ങിയ കാര്യങ്ങള്‍ അതതു തദ്ദേശ ഭരണ സ്ഥാപനത്തിന് തീരുമാനിക്കാം. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള പരിശീലനം ഹരിത കേരള മിഷന്‍ നല്‍കും. സപ്തംബറോടെ ജില്ലകളിലെ ഹരിതകര്‍മ്മ സേനാ രൂപീകരണം പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഏതെങ്കിലുമൊരു സ്ഥിരം അജൈവ മാലിന്യശേഖരണ സംവിധാനം ഉണ്ടായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ പത്ത് ശതമാനം തുക വിനിയോഗിക്കാം. ഇതിനു പുറമെ ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും 20 ലക്ഷം രൂപ വീതം പ്രതേ്യക സഹായമായി സംസ്ഥാന ശുചിത്വമിഷന്‍ നല്‍കുകയും ചെയ്യും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സ്ഥിരം മാലിന്യ സംസ്‌കരണ സംവിധാനം രൂപീകരിക്കുന്നതിനായി നിലവിലുളള പ്രൊജക്ടുകളില്‍ ഭേദഗതി വരുത്തുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്ഥിരം ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടുകളില്‍ നിന്ന് ഹരിത കര്‍മ്മസേന കടലാസ്, പ്ലാസ്റ്റിക് എന്നിവ മാസത്തിലൊരിക്കല്‍ ശേഖരിക്കും. ഗ്ലാസുകള്‍, കുപ്പികള്‍ എന്നിവ മൂന്ന് മാസത്തിലൊരിക്കലും മരുന്ന് സ്ട്രിപ്പ്, ടൂത്ത് പേസ്റ്റ് ട്യൂബുകള്‍, മറ്റ് പ്ലാസ്റ്റിക് ട്യൂബുകള്‍, സൗന്ദര്യ വസ്തു സാമഗ്രികളുടെ പായ്ക്കുകള്‍ എന്നിവ രണ്ട് മാസത്തിലൊരിക്കലും ശേഖരിക്കും. ചെരുപ്പ്, ബാഗുകള്‍ എന്നിവ വര്‍ഷത്തിലൊരിക്കലാണ് ശേഖരിക്കുക. ഇങ്ങിനെ ശേഖരിക്കുന്നവ വിവിധ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് തരംതിരിച്ച് അയക്കും. പ്ലാസ്റ്റിക് വസ്തുക്കള്‍പൊടിച്ച് റോഡ് ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്ലാസ്റ്റിക് ഷ്രെഡിംഗ് യന്ത്രങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൈവമാലിന്യങ്ങള്‍ അവ ഉല്‍പാദിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും തന്നെ സംസ്‌കരിക്കണം. വ്യക്തികള്‍ക്ക് സാധിക്കാത്ത കേന്ദ്രങ്ങളില്‍ പൊതു ജൈവമാലിന്യസംസ്‌കരണ സ്ഥാപിക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2018 ജനുവരിയോടെ പൂര്‍ണ തോതില്‍ മാലിന്യസംസ്‌കരണ സംവിധാനം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുളളത്. മാലിന്യസംസ്‌കരണത്തിന് യൂസര്‍ഫീ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാലിന്യസംസ്‌കരണ സംവിധാനം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കുന്നതിനായി ബ്ലോക്കുതല പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി. 12 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഹരിത കര്‍മ്മസേന രൂപീകരിച്ചു. ഹരിത കര്‍മ്മസേന രൂപീകരണത്തിന്റെ മുന്നോടിയായുളള സ്ഥിതി വിവരക്കണക്ക് ശേഖരണവും ജില്ലയില്‍ പൂര്‍ത്തിയായതായി ഹരിത കേരളം ജില്ലാ മിഷന്‍ ഓഫീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.