സിംഗപ്പൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ഇന്ത്യയും പാക്കിസ്ഥാനില്‍ ശാഖകള്‍ തുറക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉഭയകക്ഷിസമ്മതപ്രകാരമാണ് നീക്കം. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ ഗവര്‍ണര്‍ യാസീന്‍ അന്‍വറാണ് ഇക്കാര്യം അറിയിച്ചത്.
സിംഗപ്പൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു യാസീന്‍ അന്‍വര്‍. ഇരുരാജ്യങ്ങളിലുമുള്ള രണ്ട് ബാങ്കുകളുടെ ശാഖകള്‍ അതിര്‍ത്തിമേഖലകളില്‍ തുറക്കാനാണ് തീരുമാനം. പാക്കിസ്ഥാനിലെ നാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാനും സ്വകാര്യ ബാങ്കായ യുണൈറ്റഡ് ബാങ്കുമാണ് ഇന്ത്യയില്‍ ശാഖകള്‍ തുറക്കുക. ഇക്കാര്യത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡി. സുബ്ബറാവുവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് യാസീന്‍ അന്‍വര്‍ പറഞ്ഞു.
ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്കായി കുറച്ചു സമയം വേണ്ടിവരുമെന്നും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പാക്കിസ്ഥാനിലെ ബാങ്കുകള്‍ തയാറായിരിക്കുകയാണെന്നും യാസീന്‍ അന്‍വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: