മാര്‍ജിന്‍ മണി വായ്പ കുടിശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍

Sunday 3 September 2017 7:29 pm IST

കാസര്‍കോട്: വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുളള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തീര്‍ത്ത് വായ്പ അക്കൗണ്ട്‌സ് തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. രണ്ടു കാറ്റഗറികളിലായാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നത്. കാറ്റഗറി ഒന്നില്‍ യൂണിറ്റുടമയായ യഥാര്‍ത്ഥ വായ്പക്കാരന്‍ മരണപ്പെടുകയും സ്ഥാപനം പ്രവര്‍ത്തന രഹിതവും സ്ഥാപനത്തിന്റെ ആസ്തികള്‍ വായ്പാ തിരിച്ചടവിന് സാധ്യമല്ലാത്ത തരത്തില്‍ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിശിക തുക പൂര്‍ണ്ണമായും എഴുതിതളളും. മരിച്ച യൂണിറ്റുടമയായ വായ്പക്കാരന്റെ അനന്തരാവകാശിയുടെ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. യൂണിറ്റുടമ മരിച്ച കേസുകളില്‍ മാര്‍ജിന്‍ മണി വായ്പയുടെ കാലാവധി പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടതില്ല. കാറ്റഗറി രണ്ടില്‍ മറ്റുളള എല്ലാ മാര്‍ജിന്‍ മണി വായ്പകളിലും അതായത് റവന്യൂ റിക്കവറി നടപടികളിലുളളവ, യൂണിറ്റ് പ്രവര്‍ത്തന രഹിതമായവ, മാര്‍ജിന്‍ മണി വായ്പ ഉപയോഗിച്ച് വാങ്ങിയ ആസ്തികള്‍ കൈമാറിയിട്ടുളളവ ഉള്‍പ്പെടെയുളള വായ്പകളില്‍ മുതലും പലിശയും (വായ്പ അനുവദിച്ച തീയതി മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലേക്കുളള അപേക്ഷാ തീയതി വരെ ആറു ശതമാനം നിരക്കിലുളള പലിശ) ചേര്‍ന്ന തുകയാണ് തിരിച്ചടക്കേണ്ടത്. റവന്യൂ റിക്കവറി മുഖേനയോ അല്ലാതെയോ തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ ഈ തുക കിഴിച്ചുളള തുക അടച്ചാല്‍ മതിയാകും. തുക ഒറ്റത്തവണയായോ അതല്ലെങ്കില്‍ 50 ശതമാനം ആദ്യ ഗഡുവായും അവശേഷിക്കുന്ന തുക ഒരു വര്‍ഷത്തിനകം രണ്ട് ഗഡുക്കളായോ അടയ്ക്കാം. റവന്യൂ റിക്കവറി പ്രകാരമുളള കളക്ഷന്‍ ചാര്‍ജ് പ്രതേ്യകം അടയ്ക്കണം. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടത്തിപ്പിനിടെ ഏതെങ്കിലും ഘട്ടത്തില്‍ വായ്പക്കാരന്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി റദ്ദാകും.
പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷകര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ സമീപിക്കേണ്ടതും മുഴുവന്‍ സംരംഭകരും വായ്പാ കുടിശിക അടച്ചു തീര്‍ത്ത് വായ്പ തീര്‍പ്പാക്കേണ്ടതാണെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.ഫോണ്‍-9567311368 (അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, കാസര്‍കോട്),9447124668 (അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, ഹോസ്ദുര്‍ഗ്),9995033136 (മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കാസര്‍കോട്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.