ടൂറിസം മേഖലയ്ക്ക് കരുത്താകും

Sunday 3 September 2017 7:58 pm IST

കോട്ടയം: ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അഴിമതിക്കെതിരെ നടത്തിയ കുരിശുയുദ്ധത്തിന്റെ പേരില്‍ സാധാരണക്കാരുടെ മനസ്സില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എല്ലായ്‌പ്പോഴും സ്ഥാനമുണ്ടായിരുന്നു. ഈ അഴിമതിവിരുദ്ധ പ്രതിച്ഛായയും കഠിനാദ്ധ്വാനവുമാണ് കേന്ദ്രമന്ത്രിസഭയിലേക്കും അദ്ദേഹത്തിന് വഴിതുറന്നത്. ദല്‍ഹി വികസന അതോറിറ്റി കമ്മീഷണറായിരിക്കേ 14,000ത്തോളം അനധികൃത കെട്ടിടങ്ങള്‍ ഇടിച്ച്‌നിരത്തി കെട്ടിട നിര്‍മ്മാണ മാഫിയകളെ വിറപ്പിച്ചു. 27 വര്‍ഷം സര്‍ക്കാരിനെ സേവിച്ചതില്‍ നിന്ന് ലഭിച്ച ഭരണപാടവുമായിട്ടാണ് കണ്ണന്താനം കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്. എംഎല്‍എയെന്ന നിലയില്‍ അഞ്ച് വര്‍ഷത്തെ പരിചയവും അദ്ദേഹത്തെ തുണയ്ക്കും. ടൂറിസത്തിന്റെ സ്വതന്ത്ര ചുമതല കിട്ടിയതോടെ കേരളത്തിന്റെ ടൂറിസത്തിന് കരുത്ത് പകരാന്‍ കണ്ണന്താനത്തിന് സാധിക്കും. ടൂറിസം വികസനത്തിന് കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുമൂലം പുതിയ ഫണ്ടുകളും ലഭിക്കുന്നത് കുറഞ്ഞു. കായലോര ടൂറിസം വികസനത്തിനായി ആവിഷ്‌ക്കരിച്ച ടൂറിസം സര്‍ക്യൂട്ട് പദ്ധതി അഞ്ച് വര്‍ഷിലേറെയായിട്ടും യാഥാര്‍ഥ്യമായില്ല. ഇതിലെ ക്രമക്കേടുകളും പുറത്ത് വന്നിരിക്കുകയാണ്. തീര്‍ത്ഥാടക ടൂറിസം പദ്ധതിയായ പ്രസാദത്തില്‍ ഉള്‍പ്പെട്ട ഗുരുവായൂരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കണ്ണന്താനത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് പ്രഖ്യാപിച്ച കുമരകം പാക്കേജ്, പൈതൃക ടൂറിസം തുടങ്ങിയവയിലും കേരളം ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്. പ്രസാദം പദ്ധതിയില്‍ കൂടുതല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്താനും ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കേരളത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ എണ്ണം കുറയാന്‍ ഇത് മുഖ്യകാരണമാണ്. ആഭ്യന്തര സഞ്ചാരികളെ ആശ്രയിച്ചാണ് കേരളത്തിന്റെ വിനോദസഞ്ചാര മേഖല പിടിച്ച് നില്‍ക്കുന്നത്. കേന്ദ്ര ടൂറിസം വകുപ്പിന്റെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സഞ്ചാരികളുടെ എണ്ണത്തില്‍ 18-ാം സ്ഥാനമാണ് സംസ്ഥാനത്തിന്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.