ഉത്രാടംനിറ ഭക്തിസാന്ദ്രം

Sunday 3 September 2017 10:21 pm IST

കുമാരനല്ലൂര്‍: ദേവീക്ഷേത്രത്തിലെ ഉത്രാടംനിറ ഭക്തിസാന്ദ്രമായി. പതിവ് പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 8.30ന് ഉത്രാടം നിറയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിച്ചു. കിഴക്കേഗോപുര നടയില്‍വച്ച് ആചാരാനുഷ്ഠാനങ്ങളോടെ പുളിയായില്‍ ഗോവിന്ദമാരാരില്‍ നിന്നും ക്ഷേത്രസ്ഥാനീയരായ മധുരനമ്പൂതിരിക്ക് നെല്‍ക്കറ്റ കൈമാറി. കുമാരനല്ലൂര്‍ ദേശവഴികളിലൊന്നായ മാഞ്ഞൂരിലെ തൃക്കൈകണ്ടത്തില്‍ നിന്നാണ് നെല്‍ക്കതിരുകള്‍ ദേവീസന്നിധിയിലെത്തിച്ചത്. നെല്‍ക്കതിര്‍ സ്വീകരിച്ച് തന്ത്രി നമസ്‌കാര മണ്ഡപത്തില്‍ വച്ച് പൂജിച്ചു. നെല്‍ക്കതിരിനോടൊപ്പം നെല്ലി, ഇല്ലി, മഞ്ഞള്‍, ഇഞ്ചി, മാവില, ആലില തുടങ്ങിയവയും പൂജിച്ചു. തുടര്‍ന്ന് പൂജിച്ച ദ്രവ്യങ്ങള്‍ തന്ത്രി ശ്രീകോവിലില്‍ ദേവിക്കും ഉപദേവതമാര്‍ക്കും സമര്‍പ്പിച്ചു. അതിന്‌ശേഷം ഭക്തജനങ്ങള്‍ക്ക് പൂജിച്ച വസ്തുക്കള്‍ പ്രസാദമായി നല്‍കി. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കര്‍ക്കടക മാസത്തിലാണ് നിറപുത്തരിയെങ്കില്‍ കുമാരനല്ലൂരില്‍ ചിങ്ങമാസത്തിലെ ഉത്രാടം നാളിലാണ് നിറപൂജ നടക്കുന്നത്. തുലാമാസത്തിലെ സംക്രമദിനത്തില്‍ ചതുര്‍വിഭവങ്ങളും പഴപ്രഥമനും ചേര്‍ത്ത് പുത്തരി നിവേദ്യസദ്യയും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.